കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. മാത്യു മാവേലില്‍ (87) നിര്യാതനായി. മൃതസംസ്‌ക്കാരശുശ്രൂഷ ജൂണ്‍ 12-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. അതിരൂപതയിലെ സെന്റ് പയസ് ടെന്‍ത് മിഷനറി സൊസൈറ്റി അംഗമാണ്. പുന്നത്തുറ മാവേലില്‍ തോമസ് അന്നമ്മ ദമ്പതികളുടെ മകനായി 1933 ല്‍ ജനിച്ച ഫാ. മാത്യു 1961 ല്‍ മാര്‍ തോമസ് തറയില്‍ പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച് കൈപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. മുട്ടം, മ്രാല, ഏറ്റുമാനൂര്‍, ചാമക്കാല, കിടങ്ങൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, പുന്നത്തുറ, ചേര്‍പ്പുങ്കല്‍, ഇരവിമംഗലം എന്നീ ഇടവകകളില്‍ വികാരിയായും സെന്റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരി റെക്ടര്‍, മലബാര്‍ റീജിയണ്‍ വികാരി ജനറാള്‍, മിഷനറി സൊസൈറ്റി ഓഫ് പയസ് ടെന്‍ത് ഡയറക്ടര്‍, അതിരൂപതാ പ്രൊക്കുറേറ്റര്‍, രൂപതാ കൗണ്‍സിലര്‍ എന്നീ നിലകളിലും വിവിധ സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2016 മുതല്‍ വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മൃതദേഹം ജൂണ്‍ 12-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 ന് പുന്നത്തുറയിലുള്ള സ്വഭവനത്തില്‍ കൊണ്ടുവരുന്നതും 10.30 ന് മാതൃദൈവാലയത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. സഹോദരങ്ങള്‍: നൈത്തി പരേതരായ തോമസ്, ഉതുപ്പ്, പുന്നൂസ്, പോത്തന്‍, അന്നമ്മ. |