Home‎ > ‎India‎ > ‎

വായനയുടെ വസന്തമൊരുക്കി പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ

posted Jun 26, 2020, 4:26 AM by Knanaya Voice
പയ്യാവൂർ:  കോവിഡ് എന്ന മഹാമാരിയുടെ  ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മനസ്സിൽ  വായനയുടെ വസന്തം സമ്മാനിച്ചു കൊണ്ട് പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരം ഏറെ വൈവിധ്യതകളോടെ ആഘോഷിച്ചു . ഓൺലൈൻ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയാണ് വായനാവാരം സംഘടിപ്പിച്ചത്. സ്‌കൂൾ മാനേജർ ഫാ. ഷാജി വടക്കേത്തൊട്ടിയുടെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം വീഡിയോ കോൺഫറൻസിലൂടെ വായനാവാരം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിൻസി, മലയാളം അദ്ധ്യാപകൻ ബിനോയ് കെ. എസ്. എന്നിവർ പ്രസംഗിച്ചു. തുടർന്നുള്ള ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ രണ്ട് അതിഥികൾ വിദ്യാർത്ഥികളോട് ഓൺലൈനായി സംവദിച്ചു. കവിതയുടെ വായനയെ കുറിച്ച് സാഹിത്യകാരൻ കല്പറ്റ നാരായണൻ, ഫേസ്ബുക്കിലെ എഴുത്തും വായനയും എന്ന വിഷയത്തിൽ യുവ എഴുത്തുകാരൻ സന്ദീപ് ദാസ്, സിനിമ ഒരു വായനാനുഭവം എന്നതിനെ സംബന്ധിച്ച് ഫിലിം അസോസിയേറ്റ് ഡയറക്ടർ ക്രിസ് തോമസ്, കഥയിലെ കഥയെ കുറിച്ച് സാഹിത്യകാരൻ സംഗീത് ശങ്കർ, ശാസ്ത്രവായനയെ കുറിച്ച് ആരോഗ്യപ്രവർത്തക ഡോ. ഷിംന അസീസ്, പുസ്തകങ്ങളുടെ ലോകം എന്ന വിഷയത്തിൽ സനൂപ് സുരേഷ് എന്നിവർ വിദ്യാർത്ഥികളോട് സംവദിച്ചു. 

ഇന്ത്യയിലെ അറിയപ്പെടുന്ന യുവ ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള ചരിത്രവായന എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായി. ബാലസാഹിത്യത്തിലൂടെ യുവ നോവലിസ്റ്റ് അഖിൽ പി. ധർമജൻ വിദ്യാർത്ഥികളെ മുന്നോട്ട് നയിച്ചപ്പോൾ വായനയും സർഗ്ഗാത്മകതയും എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഷിജു ആർ. അനുഭവങ്ങൾ വിവരിച്ചു. ഏകാഗ്രതയും വായനയും എന്നതിനെ സംബന്ധിച്ച് അസാപ് ട്രെയിനർ അൻവർ സാദത്ത് സംസാരിച്ചപ്പോൾ യുവ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് ഡി പി അഭിജിത്ത് തന്റെ വായനാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ട്രോൾ വായനയെ കുറിച്ച് ശ്രീജിത്ത് ബി. മുരളീധരൻ വിദ്യാർത്ഥികളുമായി സംവദിച്ചത് അവരിൽ ഏറെ കൗതുകം ഉണർത്തി. എഴുത്തുകാരനും  തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ അധ്യാപകനുമായ പ്രൊഫ. ടി ജെ ജോസഫ് കവിതയുടെ പൊരുൾ എന്ന വിഷയത്തിൽ കവിതയെ എങ്ങനെ സമീപിക്കണം എന്ന് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. 

കൂടാതെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പി എൻ പണിക്കരുടെ ഇരുപത്തി അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ലേഖന മത്സരം, സാഹിത്യപ്രശ്‌നോത്തരി എന്നിവയും വായനവാരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു. സ്‌കൂളിന്റെ ഫേസ്ബുക് പേജ്, യൂറ്റ്യൂബ് ചാനൽ, ക്ലാസ് അടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെ പരിപാടികൾ കുട്ടികളിലേക്ക് എത്തിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ലിബിൻ കെ. കുര്യൻ പരിപാടികൾക്ക് സാങ്കേതിക സഹായം നൽകി ഏകോപിപ്പിച്ചു. അധ്യാപകരുടെ പൂർണ സഹകരണം പരിപാടികളുടെ വിജയത്തിന് സഹായകരമായി.

(ചിത്രത്തിൽ മനു എസ്. പിള്ള സംസാരിക്കുന്നു)
Comments