കോട്ടയം: ഡോ. ജേക്കബ് കൊല്ലാപറമ്പിൽ എഡ്യുക്കേഷനൽ ട്രസ്റ്റിന്റെയും ക്നാനായ അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെയും നേതൃത്വത്തിൽ 'വഴിക്കൂറായി' എന്ന പേരിൽ ക്നാനായ ജീവിതശൈലിയെ പരിചയപ്പെടുത്തുന്ന രാജ്യാന്തര ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ക്നാനായ സമുദായാംഗങ്ങൾക്കായി സംഘടിപ്പിക്കുന്നു. വഴിക്കൂറ് എന്ന വാക്കിന് വഴിയിൽ കൂറോടെ എന്നാണ് അർത്ഥം. ക്രൈസ്തവവിശ്വാസ ശാക്തീകരണം എന്നതാണ് ഇതിലൂടെ സൂചിതമാകുന്നത്. ക്നാനായ ഫൗണ്ടേഷൻ, ക്നാനായ കാത്തലിക് കോൺഗ്രസ്, ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ക്നാനായ സമുദായത്തിന്റെ ബൈബിൾ -സഭാപര അടിസ്ഥാനങ്ങളും, ചരിത്രവും സംസ്കാരവും സംഭാവനകളും, പ്രേഷിതദൗത്യജീവിതവും ഈ കോഴ്സിൽ പാഠ്യവിഷയമാകുന്നു. പ്രഗത്ഭപണ്ഡിതരാണ് ക്ലാസുകൾ നയിക്കുന്നത്. ക്നാനായ സമുദായത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്തീയതയ്ക്ക് ആധികാരികമായി സാക്ഷ്യം വഹിക്കുക, ക്രിസ്തീയവും ഭാരതീയവുമായ ജീവിതമാർഗമായ നാനാത്വത്തിൽ ഏകത്വം എന്ന തത്വപ്രകാരം ജീവിക്കുന്നതിലൂടെ ഇതര വിഭാഗങ്ങളെ ബഹുമാനത്തോടെ വീക്ഷിക്കാൻ പ്രാപ്തരാക്കുക, ക്നാനായ സമുദായ പഠനപ്രവർത്തന ടീം സജ്ജമാക്കുക എന്നിവയാണ് കോഴ്സിന്റെ ലക്ഷ്യങ്ങൾ. ലോകമെമ്പാടേക്കും കുടിയേറിയ ക്നാനായസമുദായാംഗങ്ങളെ ഒരുമിപ്പിക്കാൻ ഡിജിറ്റൽ സാങ്കേതിക ലോകത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും ക്നാനായ സമുദായത്തിനുള്ളിലും സമുദായത്തിനുവേണ്ടിയും പ്രവർത്തിക്കുന്ന വ്യക്തികളെ സാമുദായികാവബോധത്തിൽ ആഴപ്പെടുത്തുന്നതിനും ഈ കോഴ്സ് സഹായകരമാണ്. ഗൂഗിൾ മീറ്റ്/സൂം പ്ലാറ്റ്ഫോമിൽ ആഴ്ചയിൽ ഒരു മണിക്കൂർ വീതം 20 ക്ലാസുകളുള്ള ഈ കോഴ്സിന്റെ കാലാവധി ആറുമാസമാണ്. മുപ്പത് ക്രഡിറ്റുള്ള ഈ കോഴ്സിന്റെ വിനിമയഭാഷ മലയാളം/ഇംഗ്ലീഷ് ആണ്. സമയപരിധിക്കുള്ളിൽനിന്നുകൊണ്ട് സംശയനിവാരണത്തിനും ചർച്ചയ്ക്കും അവസരം ഒരുക്കുന്നതാണ്.സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 75% ഹാജർ, സമാപന പരീക്ഷയിൽ 50% മാർക്ക്, ലഘുപ്രബന്ധം, ഹൃസ്വവീഡിയോ ചിത്രീകരണം എന്നിവയുടെ അവതരണം തുടങ്ങിയവ ആവശ്യമാണ്. സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തവർക്കും ക്ലാസിൽ പങ്കെടുക്കാവുന്നതാണ്. പങ്കാളിത്തം സൗജന്യമാണ്. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അതിരൂപതാ വെബ്സൈറ്റായ www.kottayamad.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് കോഴ്സിൽ സംബന്ധിക്കാനാകുക. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ജോൺസൺ നീലനിരപ്പിൽ, ഫാ. ബൈജു മുകളേൽ (9496256259), ഡോ. ബിജോ കൊച്ചാദംപള്ളിൽ (9495874434) എന്നിവർ കോഴ്സ് നടത്തിപ്പിന് നേതൃത്വം വഹിക്കും. നടത്തുന്നത്. വിശദവിവരങ്ങൾക്ക് vazhikurayi@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക ദുക്റാന തിരുനാൾ ദിനമായ ജൂലൈ 3-ാം തീയതി വൈകുന്നേരം 6 മണിക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത കോഴ്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ജൂലൈ 11-ാം തീയതി ശനിയാഴ്ചമുതൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6 മണിമുതൽ ഒരു മണിക്കൂർ ക്ലാസ്സുകൾ നടത്തപ്പെടും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂലൈ 2-ാം തീയതി 6 മണിക്കകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. |