കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യവികസനം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ സന്ന്യാസിനി സമൂഹമായ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്‌നേഹക്കൂടാരം ഭവന നിര്‍മ്മാണ പദ്ധതിയിലെ ആദ്യഭവനത്തിന്റെ താക്കോല്‍ദാനവും വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടു. കുമരകം ഗ്രാമത്തിലെ തൊട്ടിച്ചിറക്കളം മത്തായിക്കാണ് പദ്ധതിയുടെ ഭാഗമായി പുതിയ ഭവനം നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കിയത്. പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നിര്‍വ്വഹിച്ചു. കുമരകം ഗ്രാമവികസനസമിതി പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭവനനിര്‍മ്മാണത്തിനായി നാലരലക്ഷം രൂപയാണ് ലഭ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി മൂന്ന് ഭവനങ്ങള്‍ക്കൂടി നിര്‍മ്മിക്കുന്നതിനായി പതിമൂന്നര ലക്ഷം രൂപാ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ ലഭ്യമാക്കി. |