കോട്ടയം: കേവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും കരുതല്‍ ഒരുക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് പുതുജീവനം എന്ന പേരില്‍ കാര്‍ഷിക വികസന പാക്കേജുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള ഏഴായിരത്തോളം കര്‍ഷകര്‍ക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘ ഫെഡറേഷന്‍ പ്രതിനിധി തങ്കച്ചന്‍ വാലേല്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പാക്കേജിന്റെ ഭാഗമായി ആയിരത്തി ഇരുന്നൂറ്റി അമ്പത് കര്‍ഷകര്‍ക്കായി അയ്യായിരം ഏത്തവാഴ വിത്തുകളും മൂവായിരത്തിയഞ്ഞൂറ് കുടുംബങ്ങളില്‍ അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും അഞ്ഞൂറ് പേര്‍ക്ക് മത്സ്യകൃഷി പ്രോത്സാഹനത്തിനായുള്ള സാങ്കേതിക സഹായവും അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് കോഴിവളര്‍ത്തല്‍ യൂണീറ്റും, ആയിരം കുടുംബങ്ങളില്‍ ഫലവ്യക്ഷവ്യാപന പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍തൈകളുടെ വിതരണവും, അഞ്ഞൂറ് കുടുംബങ്ങളില്‍ മട്ടുപ്പാവ് കൃഷിക്കുള്ള സഹായവും നൂറ് പേര്‍ക്ക് കൂണ്‍ വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ലഭ്യമാക്കും. കൂടാതെ കെ.എസ്.എസ്.എസ് പുരുഷ കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ തരിശ്ശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കി മാറ്റുന്നതിനുള്ള സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കും. ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതനുസരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ട് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിക്കും. ഭക്ഷണ പൊതികള്‍, ഭക്ഷണകിറ്റുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള പേഴ്‌സണല്‍ പ്രൊട്ടക്ട്ടീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള അവശ്യമരുന്നുകളുടെ വിതരണം തുടങ്ങിയ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പുതുജീവനം കാര്‍ഷിക വികസന പാക്കേജ് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു. |