കോട്ടയം: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്. രാജ്യത്തിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കാനാകാത്തതാണ്. കേരള മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം 21 ലക്ഷം പ്രവാസികളായ മലയാളികളാണുള്ളത്.അവരുടെ ആശങ്കകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അടിയന്തിരമായി അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുവാന്‍ ഭരണകൂടം തയ്യാറാകണമെന്നും പ്രത്യേകമായി വ്യോമഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അനുകൂല നിലപാടുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെയെല്ലാം തിരികെ കൊണ്ടുവരാനും അവര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുവാനും ആവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, തോമസ് ചാഴികാടന്‍ എം.പി, ജോസ് കെ. മാണി എം.പി, ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു എന്നിവര്‍ക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നിവേദനം നല്‍കി. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിവേദനംകോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, വൈസ് പ്രസിഡന്റ് തോമസ് അരയത്ത് എന്നിവര്‍ ചേര്‍ന്നാണ് സമര്‍പ്പിച്ചത്. |