ലോകമെമ്പാടുമുള്ള നമ്മുടെ മലയാളി സഹോദരങ്ങൾ വിഷു ആഘോഷിച്ചു. രണ്ടു നാൾ മുന്നേ ഈസ്റ്റർ ആഘോഷിച്ചു. ഏതാനും ആഴ്ചകൾക്കകം റമദാൻ വന്നെത്തും. കോവിഡ് എന്ന മഹാമാരിയോട് പൊരുതി അതിജീവനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന മാനവരാശിക്ക് ഇത്തരത്തിലുള്ള ആഘോഷങ്ങൾ പ്രതീക്ഷയുടെ വലിയ സന്ദേശങ്ങളാണ് നൽകുന്നത്. ഓരോ ആഘോഷങ്ങളും അതിന്റെ അന്തസത്തയിലേക്ക് കടന്നു പോകുമ്പോൾ മനുഷ്യന്റെ പ്രത്യാശയുടേയും പ്രതീക്ഷകളുടെയും ആഴവും പരപ്പും നമുക്ക് വ്യക്തമാക്കിത്തരുന്നു. കോവിഡ് മഹാമാരി ലോകത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ലോകം മുഴുവൻ സ്തംഭനാവസ്ഥയിലാണ്. ആധുനിക വൈദ്യശാസ്‌ത്രം അതിന്റെ എല്ലാ അറിവുകളും സംയോജിപ്പിച്ച് പ്രതിവിധിക്കായി പോരാടുന്നൂ . ആധുനിക മനുഷ്യ സമൂഹം അവന്റെ മുഖ മുദ്ര എന്ന് കരുതി കൊണ്ടുനടന്ന പലതും, Daniel Quinn, “ഇസ്മായേൽ" എന്ന തന്റെ പുസ്തകത്തിൽ പ്രതിപാദിക്കും പോലെ ഒരു സാംസ്‌കാരിക കെട്ടുകഥയാണോ”? എന്തിന്റെമേലും മനുഷ്യൻ നേടി എന്ന് പറയുന്ന മേധാവിത്തം ഈ കെട്ടു കഥയുടെ ബാക്കി പത്രമാണോ ? കോവിഡ് മനുഷ്യന്റെ നിസാരതയുടെ വ്യക്തമായ ഒരവസ്ഥയാണോ? അതെ , ലോകം പകച്ചു നിലക്കുകയാണ്. വിഷു,ഈസ്റ്റർ, റമദാൻ എന്നീ ആഘോഷങ്ങൾ ഈ അവസ്ഥയിലുള്ള മനുഷ്യന് അർത്ഥവത്തായ പ്രതീക്ഷകൾ നൽകുകയാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ്സ് പാപ്പാ ഈ വർഷത്തെ തന്റെ ഈസ്റ്റർ സന്ദേശത്തിലൂടെ ലോകത്തോട് പറഞ്ഞതുപോലെ __"എകാന്തതയുടെ ഈ ഈസ്റ്റർ പ്രതീക്ഷയുടെ പകർച്ചവ്യാധി ആക്കി മാറ്റണം നമ്മൾ”_ പ്രതീക്ഷ നമ്മളിൽ പടർന്നു പന്തലിച്ചെങ്കിലെ ,ഒരുമയുടെ നൻമരങ്ങൾ പൂക്കുകയുള്ളു . WHO പോലുള്ള ആരോഗ്യ പ്രസ്ഥാനങ്ങളും രാഷ്ട്രീയ മതനേതാക്കളുമെല്ലാം ആഹ്വാനം ചെയ്യുന്നത് ഒരുമയോടെ പ്രവർത്തിക്കാനാണ്. അതെ പ്രതീക്ഷ നാം ഹൃദയത്തിൽ ഏറ്റെടുത്തെങ്കിലെ ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്ക് സാധിക്കൂ.പകച്ചു നിൽക്കുന്ന മനുഷ്യന് അവന്റെ നിസാരതയെ ഉൾക്കൊണ്ട് അതിൽനിന്ന് കര കയറാൻ ഒരു പരമോന്നത ശക്തി കൂടെയുണ്ടെന്ന പ്രതീക്ഷയാണ് ഈ ആഘോഷങ്ങളും അനുഷ്ടനങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ഒരേ മനസ്സോടെ തികഞ്ഞ ജാഗ്രതയോടെ ഒരുമിച്ചു മുന്നോട്ടു പോകേണ്ട സമയം കൂടിയാണിത്. നമ്മൾ വിജയിക്കുക തന്നെ ചെയ്യും. ഓരോ പുലരിയും ആരോഗ്യവും ഐശ്വര്യവും പ്രതീക്ഷയും നിറഞ്ഞതാകട്ടെ. _Be healthy ... Be safe...Stay home_ ഫാ.ഡോ.ബിനു കുന്നത്ത് |