തലയോലപ്പറമ്പ്: പിതാവിന്റെ മരണത്തിനിടെയും റേഷന്‍ വിതരണം മുടക്കാതെ മകന്‍. വീടിനടുത്തുള്ള പറമ്പില്‍ കിളയ്ക്കുന്നതിനിടെ കല്ലില്‍ കാലു തട്ടി തലയിടിച്ചു വീണ് നീര്‍പ്പാറ ചെറുകുഴിയില്‍ സി. ചാക്കോയാണു (72) മരിച്ചത്. അച്ഛന്റെ മരണത്തിനു ശേഷവും വരിക്കാംകുന്ന് എആര്‍ഡി 85 കടയിലെ റേഷന്‍ വിതരണം കടയുടമയായ മകന്‍ ഷിജോ മുടക്കിയില്ല. ഇന്നലെ ഉച്ചയോടെ പറമ്പില്‍ കിളയ്ക്കുന്നതിനിടെ ഒടിഞ്ഞു വീണ പ്ലാവിന്റെ ശിഖരത്തില്‍നിന്നു രക്ഷ നേടാനായി പിന്നോട്ടു മാറിയപ്പോഴാണ് അപകടം. വീഴ്ചയില്‍ ചാക്കോയുടെ തലയ്ക്കു ഗുരുതര പരുക്കേറ്റു. ഷിജോയും സമീപവാസികളും ചേര്‍ന്നു ചാക്കോയെ ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ റേഷന്‍ കടയുടെ മുന്നില്‍ ആളുകള്‍ കൂടിയ വിവരം ശ്രദ്ധയില്‍പെട്ടതോടെ കട തുറന്നു റേഷന്‍ വിതരണം നടത്താന്‍ ഷിജോ സുഹൃത്തിനെ ഫോണില്‍ വിളിച്ചു ചുമതലപ്പെടുത്തി. ഭാര്യ: ത്രേസ്യാമ്മ. മറ്റു മക്കള്‍: ഷിജു, ഷിബു. മരുമക്കള്‍: ബിന്ദു, സോഫി, ബിന്‍സി. |