കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ 4 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം ലഭ്യമാക്കി. 2018 ലെ അതിരൂക്ഷ പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട രാമങ്കരി, വെളിയനാട് പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് പുതിയ ഭവനം നിര്‍മ്മിക്കുന്നതിനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച തിരുവംവണ്ടൂര്‍, വെളിയനാട് പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനുമാണ് പദ്ധതിപ്രകാരം ധനസഹായം ലഭ്യമാക്കിയത്. പുതിയ വീടിന്റെ നിര്‍മ്മാണത്തിന് ഒരു കുടുംബത്തിന് നാല് ലക്ഷത്തി അമ്പത്തി എണ്ണായിരത്തി എണ്ണൂറ്റി അമ്പത് രൂപയും ഭവന പുനരുദ്ധാരണത്തിന് ഒരു കുടുംബത്തിന് മൂന്ന് ലക്ഷത്തി നാല്‍പ്പത്തി നാലായിരത്തി ഒരുനൂറ്റി ഇരുപത് രൂപയുമാണ് ലഭ്യമാക്കിയത്. പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീയായി. പദ്ധതിയുടെ ഭാഗമായി പതിനാറ് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി നാല്‍പ്പത് രൂപയുടെ സാമ്പത്തിക സഹായമാണ് ലഭ്യമാക്കിയത്. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യമിട്ടാണ് കുടുംബശാക്തീകരണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്നത്. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, സ്വയം തൊഴില്‍ സംരഭകത്വം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. |