ഉഴവൂർ: അമേരിക്കൻ പ്രവാസിയായ ഫ്രാൻസീസ് കിഴക്കേക്കൂറ്റ് കോവിഡ് - 19 നെ പ്രതിരോധിക്കാനായി ഉഴവൂർ പഞ്ചായത്തിലേക്ക് 5 ലക്ഷം രൂപ സംഭാവനയായി നൽകി. ഈ രൂപ ചെലവഴിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അധ്യക്ഷയായി 7 അംഗ കർമ്മ സമിതി രൂപീകരിച്ചിരുന്നു. അബ്രാഹം കാറത്തനത്ത്, ഡോ. സിന്ധുമോൾ ജേക്കബ്, പി.എൽ. അബ്രാഹം, ഷെറി മാത്യു, കെ.എസ്. ജോമോൻ, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവരാണ് കർമ്മസമിതിയിൽ ഉൾപ്പെട്ട മറ്റംഗങ്ങൾ. കർമ്മ സമിതിയുടെ ശുപാർശ പ്രകാരം തുണികൊണ്ട് നിർമ്മിച്ച വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്കുകൾ ഓരോ വീടുകളിലും നൽകുക, ഓരോ സാനിറ്റൈസർ വീതം ഓരോ വീട്ടിലും നൽകുക ( 125 എം. എൽ.), കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകുക., ഡോ.കെ.ആർ. നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അടിയന്തരമായി വേണ്ട ആവശ്യങ്ങളിലേക്ക് സൗകര്യമൊരുക്കാൻ സഹായിക്കുക തുടങ്ങിയ ശുപാർശകളാണ് കർമ്മസമിതി നിർദേശിച്ചത്. ഈ പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു കടുംബശ്രീ ചെയർപേഴ്സൺ ഡെയ്സി സ്റ്റീഫന് സാനിറ്റൈസറും, മാസ്ക്കും നൽകി നിർവ്വഹിച്ചു. ചടങ്ങിൽ കർമ്മസമിതി അംഗങ്ങളെ കൂടാതെ വൈസ് പ്രസിഡന്റ് വി.റ്റി. സുരേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.ആർ. പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ വീടുകളിലും ഓരോ സാനിറ്റൈസറും, ആവശ്യത്തിന് മസ്ക്കുകളും ഗ്രാമ പഞ്ചായത്തംഗങ്ങളുടേയും കുടുംബശ്രീ അംഗങ്ങളുടേയും മറ്റ് വോളന്റിയേഴ്സിന്റേയും, പഞ്ചായത്ത് ജീവനക്കാരുടെയും സഹകരണത്തിൽ എത്തിച്ചു. ഈ വിധത്തിൽ മാതൃകാപരമായി 5 ലക്ഷം രൂപ സംഭാവന ചെയ്ത ഫ്രാൻസീസ് കിഴക്കേക്കുറ്റിന് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടേയും പേരിൽ ഹൃദ്യമായ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ഷേർളി രാജു പറഞ്ഞു. |