കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ചുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായിരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിക്കുന്നത്. അനന്തമായി നീണ്ടുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഭക്ഷ്യ സുരക്ഷയുടെയും പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ എല്ലാ കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും സ്വഭവനങ്ങളില്‍ കുറഞ്ഞത് ഒരു ഫലവൃക്ഷതൈ എങ്കിലും നട്ട് ചലഞ്ചില്‍ പങ്കാളികളാകും. ഫലവൃക്ഷതൈ നടീല്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്കായി ഫോട്ടോഗ്രാഫി മത്സരവും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രതലത്തില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചൈതന്യയിലും ഫല വൃക്ഷതൈ നടീല്‍ നടത്തപ്പെടും . |