Home‎ > ‎India‎ > ‎

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

posted May 26, 2020, 11:47 PM by Knanaya Voice
കോട്ടയം: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നടീല്‍ ചലഞ്ചുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള അമ്പത്തിയേഴായിരം കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിക്കുന്നത്. അനന്തമായി നീണ്ടുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഭക്ഷ്യ സുരക്ഷയുടെയും പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ എല്ലാ കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും സ്വഭവനങ്ങളില്‍ കുറഞ്ഞത് ഒരു ഫലവൃക്ഷതൈ എങ്കിലും നട്ട് പ്രസ്തുത ചലഞ്ചില്‍ പങ്കാളികളാകേണ്ടതാണ്. ഫലവൃക്ഷതൈ നട്ടതിന്റെ ഫോട്ടോ അനിമേറ്റര്‍ മുഖാന്തരം കെ.എസ്.എസ്.എസ് ഓഫീസില്‍ നല്‍കേണ്ടതാണ്. കുടുംബാംഗങ്ങളുടെ പങ്കാളിത്തം, വേഷവിധാനം, പൂര്‍ണ്ണത എന്നിവ മുഖ്യമാനദണ്ഡമായിരിക്കും. ഏറ്റവും മികച്ച ഫോട്ടോയ്ക്ക് ആകര്‍ഷക സമ്മാനം നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ഒരോ സ്വാശ്രയസംഘാംഗങ്ങളും ഫോട്ടോയോടൊപ്പം പേര്, ഗ്രാമം എന്നിവ ചേര്‍ത്ത് അനിമേറ്റര്‍ക്ക് ഫോട്ടോകള്‍ വാട്‌സ് ആപ്പ് ചെയ്താല്‍ മതിയാവും. ഒരു കുടുംബത്തിന് ഒരു ഫോട്ടോ ആയിരിക്കും നല്‍കാവുന്നത്. പരിസ്ഥതി ദിനത്തില്‍ ഫലവൃക്ഷതൈകള്‍ നട്ട് ഭക്ഷ്യസുരക്ഷിതത്വത്തിലേയ്ക്കും പരിസ്ഥിതി സൗഹാര്‍ദ്ദത്തിലേയ്ക്കും വളരുന്നതിനായി സംഘടിപ്പിക്കുന്ന ഫലവൃക്ഷതൈ നടീല്‍ ചലഞ്ചില്‍ പങ്കെടുക്കുവാന്‍ എല്ലാ സ്വാശ്രയസംഘ കുടുംബങ്ങളും ശ്രദ്ധിക്കുമല്ലോ. ഫോട്ടോകള്‍ ജൂണ്‍ 5-ാം തീയതി വൈകുന്നേരം 4 മണിക്ക് മുന്‍പായി അയച്ച് നല്‍കേണ്ടതാണ്.
Comments