കോട്ടയം: കോവിഡ് -19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ അഥിതി തൊഴിലാളികള്‍ക്കും മറ്റ് നിര്‍ദ്ധനരായ ആളുകള്‍ക്കും ഭക്ഷണപ്പൊതികള്‍ ലഭ്യമാക്കുന്ന മിഷന്‍ കോവിഡ് -19 പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ കൈപ്പുഴ, അതിരമ്പുഴ, പാലത്തുരുത്ത്, മാന്നാനം, നീണ്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന അഥിതി തൊഴിലാളികള്‍ക്കാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. കൂടാതെ ഓക്‌സ്ഫാം ഇന്ത്യയുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ നീലിമംഗലം, സംക്രാന്തി, പേരൂര്‍, കട്ടച്ചിറ എന്നിവിടങ്ങളിലെയും ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ക്കും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. കെ.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികളുടെ വിതരണം നടത്തിയത്. വരും ദിനങ്ങളിലും പദ്ധതിയുടെ തുടര്‍ച്ചയായി വിവിധ സ്ഥലങ്ങളില്‍ ഭക്ഷണപ്പൊതികള്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും. |