Home‎ > ‎India‎ > ‎

ലോക്ക് ഡൗണില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കുവാന്‍ അമൃത സഞ്ജീവിനി പദ്ധതിയുമായി കെ.എസ്.എസ്.എസ്

posted Apr 22, 2020, 1:10 AM by Knanaya Voice
കോട്ടയം: കോവിഡ് 90 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ മൂലം അവശ്യ മരുന്നുകള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ആശ്വാസ ഹസ്തമൊരുക്കി അമൃത സഞ്ജീവിനി പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള 500റോളം ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുളള വ്യക്തികള്‍ക്കാണ് പദ്ധതിയുടെ സേവനം ലഭ്യമാക്കുക. കെ.എസ്.എസ്.എസ് സിബിആര്‍ പ്രവര്‍ത്തകരുടെയും ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് മരുന്നുകള്‍ എത്തിച്ചുനല്‍കുക. പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി ജെസ്സില്‍, ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡിസിപിബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തെള്ളകം ഓള്‍മെഡ്, കോട്ടയം ക്രിസ് മെഡിക്കല്‍സ്, അമേരിക്ക കെയര്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മരുന്നുകള്‍ ലഭ്യമാക്കുന്നത്.
Comments