Home‎ > ‎India‎ > ‎

ലോക്ഡൗണിലും 4 മാസം പ്രായമുളള ശിശുവിന് രോഗമുക്തി നല്‍കി കാരിത്താസ് ആശുപത്രി

posted May 27, 2020, 12:59 AM by Knanaya Voice
കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിലും 4 മാസം പ്രായമുള്ള ശിശുവിന്‌ ഹൃദയ ശസ്‌ത്രക്രിയയിലൂടെ രോഗമുക്തി പ്രദാനം ചെയ്‌ത്‌ കോട്ടയം കാരിത്താസ്‌ ആശുപത്രി. കോട്ടയം മുണ്ടക്കയം സ്വദേശികളുടെ പിഞ്ചോമനയ്‌ക്കാണ്‌ ഇത്തരത്തില്‍ കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ പീഡിയാട്രിക്‌ ഹാര്‍ട്ട്‌ സര്‍ജറിയിലൂടെ പുതുജീവന്‍ സാധ്യമായത്‌. നാല്‌ മാസം പ്രായമുള്ള കുഞ്ഞിന്‌ അടിക്കടിയുള്ള ന്യൂമോണിയയും ശ്വാസകോശത്തിലെ നീര്‍ക്കെട്ടുമായി ഗുരുതരാവസ്ഥയിലാണ്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി കാരിത്താസ്‌ ശിശുരോഗ വിഭാഗത്തിലെത്തിയത്‌. കുഞ്ഞിന്റെ ഹൃദയഭിത്തിയിലെ ദ്വാരം മൂലമുള്ള അവസ്ഥകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ്‌ കുഞ്ഞിന്റെ നില വഷളായതെന്ന്‌ മനസിലാക്കിയതിനെത്തുടര്‍ന്ന്‌ അടിയന്തിരമായി പീഡിയാട്രിക്‌ കാര്‍ഡിയാക്‌ തൊറാസിക്‌ സര്‍ജന്‍ ഡോ. വിനിത വി. നായര്‍, കാര്‍ഡിയാക്‌ അനസ്‌തേഷ്യോളജിസ്റ്റ്‌ ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തില്‍ ഡോ. രാജേഷ്‌ എം. രാമന്‍കുട്ടി, ഡോ. സാജന്‍ തോമസ്‌, ഡോ. ജോബി കെ. തോമസ്‌, ഡോ. സുനു ജോണ്‍ എന്നിവരുടെ സഹായത്തോടെ ശസ്‌ത്രക്രിയ നടത്തി ദ്വാരം അടച്ചു. ഓപ്പറേഷനുശേഷം പൂര്‍ണമായി സുഖം പ്രാപിച്ച കുഞ്ഞ്‌ ആശുപത്രി വിട്ടു. ആറ്‌ മാസത്തിനുള്ളില്‍ നവജാത ശിശുവിന്റേതുള്‍പ്പെടെ ഇത്തരത്തിലുള്ള നാലാമത്തെ ഹൃദയ ശസ്‌ത്രക്രിയയായിരുന്നു ഇത്‌. കാരിത്താസ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും കരുതലുമാണ്‌ ഈ നേട്ടങ്ങള്‍ക്ക്‌ കരുത്തുപകരുന്നത്.
Comments