Home‎ > ‎India‎ > ‎

ലോക്ഡൗണില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കി കാരുണ്യദൂത് പദ്ധതിയുമായി കെ.എസ്.എസ്.എസ്

posted May 11, 2020, 10:25 PM by Knanaya Voice
കോട്ടയം: കോവിഡ് -19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ കഷ്ടതയനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കി കാരുണ്യദൂത് പദ്ധതിയുമായി കോട്ടയം അതിരുപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പദ്ധതിയുടെ ഭാഗമായി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള 1500 റോളം കഷ്ടതയനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായഹസ്തമൊരുക്കിയിരിക്കുകയാണ് കെ.എസ്.എസ്.എസ്.   ഭക്ഷണ കിറ്റുകളുടെ വിതരണത്തോടൊപ്പം കോവിഡ് സുരക്ഷയ്ക്കായി മാസ്‌കുകളും ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും കെ.എസ്.എസ്.എസ് ലഭ്യമാക്കി. കൂടാതെ ശാസ്ത്രീയ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ മേല്‍നോട്ടത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി ഓണ്‍ലൈന്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗും ഫിസിയോതെറാപ്പി, യോഗാ പരിശീലനം എന്നീ സേവനങ്ങളും ലഭ്യമാക്കി വരുന്നു. വീടുകളില്‍ ഇരിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ചെറിയ രീതിയിലുള്ള വരുമാന സാധ്യതകള്‍ തുറന്നുകൊടുക്കുന്നതിനായി കരകൗശല നിര്‍മ്മാണവും മാസ്‌കുകളുടെ നിര്‍മ്മാണവും നടത്തി വരുന്നു. കൂടാതെ ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി ലീഗല്‍ എയ്ഡ് സര്‍വ്വീസും അവശ്യമരുന്നുകള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നുകളും ലഭ്യമാക്കി വരുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് കൈതാങ്ങൊരുക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വരുംദിനങ്ങളില്‍ നടപ്പിലാക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു. 

Comments