Home‎ > ‎India‎ > ‎

ലോകാരോഗ്യദിനം: ലോകത്തിനു മലയാളി മാതൃകയാകുമ്പോള്‍ | കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്

posted Apr 7, 2020, 10:28 PM by Knanaya Voice
നമുക്കറിയാം ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന്  മുന്‍പൊരിക്കലും ഉണ്ടായിട്ടിട്ടില്ലാത്ത പ്രസക്തിയും പ്രാധാന്യവുമാണുള്ളത് . കാരണം. തീര്‍ത്തും അപരിചിതമായ ഒരു സ്ഥിതി വിശേഷത്തിലൂടെയാണ്  ഇന്ന്, നാം കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ഒരു മഹാമാരിയെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് നേരിടാനള്ള പരിശ്രമത്തിലാണ് ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍. ഇങ്ങനെ ഒരു അവസ്ഥ ആധുനിക ചരിത്രത്തില്‍ത്തന്നെ ആദ്യമാണ്.  ലോകത്താകമാനം  മുന്നൂറു കോടി ജനങ്ങള്‍ ലോക് ഡൗണിലാണ്.  ആരോഗ്യ രംഗത്ത് മാത്രമല്ല സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലാകെ വലിയതോതിലുള്ള പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്.

എന്നാല്‍ വളരെ ഏകോപനത്തോടും തികഞ്ഞ  ജാഗ്രതയോടുംകൂടിയുള്ള സമീപനം കൊണ്ട് ഈ സാഹചര്യത്തെ ആത്മവിശ്വസത്തോടെ സമീപിക്കുവാന്‍ നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞിരിക്കുന്നു. അതില്‍ പ്രധാന പങ്കു വഹിച്ചത്  കേരളത്തിന്‍റെ  ആരോഗ്യ സംവിധാനവും അഹോരാത്രം പ്രവര്‍ത്തിക്കുന്ന അതിന്‍റെ പ്രവര്‍ത്തകരുമാണ്. ഒപ്പം തോളോട് തോള്‍ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പോലീസ് സേന, അതുപോലെതന്നെ ദുരന്ത നിവാരണ വകുപ്പ്, സിവില്‍ സപ്ലൈസ്, വൈദ്യതി, ജലം, മുതലായ അവശ്യ സര്‍വീസുകളുടെ  അവസരത്തിനൊത്തുയര്‍ന്നുള്ള പ്രവര്‍ത്തനം എന്നിവ ജനജീവിതത്തിനുണ്ടായിട്ടുള്ള  ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വളരെ വലിയ ആശ്വാസമാണ് പകരുന്നത്.ഉത്തമ പൗര ബോധത്തിലൂന്നിയുള്ള സ്വയം പ്രതിരോധവും സാമൂഹിക സുരക്ഷയ്ക്ക് വേണ്ടിയുള്ള മുന്‍കരുതലുമാണ് മലയാളിയെ ഇന്ന് ലോകത്തിന്‍റെ മാതൃകയാക്കുന്നതിന്‍റെ  മുഖ്യ ഘടകങ്ങള്‍. ഈ സാമൂഹ്യബോധവും ജാഗ്രതയും മാനവരാശിക്ക് തന്നെ മലയാളി നല്കുന്ന അവസരോചിതമായ സന്ദേശങ്ങളാണ്.

ഈ മഹാ വിപത്തിന്‍റെ വ്യാപനം തടയുന്നതിനു വേണ്ടി മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും  നവ മാധ്യമങ്ങളിലൂടെയും വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്തിയ പ്രചരണ പരിപാടികള്‍ കേരളത്തിന്‍റെ  സമ്പൂര്‍ണ്ണ സാക്ഷരതയുടെ  മികവുകൂടിയാണ്. നമ്മുടെ സാമൂഹിക വ്യക്തി ശുചിത്വബോധം ഒരുപടി കൂടി ഉയര്‍ന്നിരിക്കുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് നമ്മേപ്പോലെ നമ്മുടെ അയല്ക്കാരനേയും നാം സ്നേഹിക്കുന്നു.ആരോഗ്യ ശുശ്രൂഷകരായും, സാമൂഹിക സുരക്ഷയൊരുക്കുന്ന പോലീസ് സേനാംഗമായും വിശക്കുന്ന വയറുകള്‍ക്ക് അന്നമൊരുക്കുന്ന കമ്മ്യൂണിറ്റികിച്ചന്‍ സന്നദ്ധ സേവകരായും മലയാളിയുടെയുള്ളിലെ നല്ല സമരിയക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. അങ്ങനെ ഓരോ മലയാളിയും ഇന്ന് സ്നേഹത്തിന്‍റെയും  കരുണയുടെയും സന്ദേശവാഹകരായി മാറിയിരിക്കുന്നു. ഒപ്പം വീട്ടിലിരിക്കുന്ന മലയാളി അവരുടെ നഷ്ടപ്പെട്ട സര്‍ഗ്ഗശേഷിയും വീണ്ടെടുത്തിരിക്കുന്നു.  ഇവയെല്ലാം ഓരോ മലയാളിക്കും ലോകജനതയുടെ ഇടയില്‍ മറ്റാര്‍ക്കുമില്ലാത്ത സ്വീകാര്യത നേടിത്തന്നിരിക്കുന്നു എന്നതില്‍ നമ്മുക്ക് അഭിമാനിക്കാം.
ഏറ്റവും വലിയ പ്രതിരോധം തീര്‍ത്തു നിപ്പയെ നമ്മള്‍ തുരത്തി .ഈ സാഹചര്യവും നമ്മള്‍ അതിജീവിക്കും. സാമൂഹ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നൂറുശതമാനവും പാലിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ നമ്മുക്ക് മാതൃകയാവാം. ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം.

 ഫാ. ഡോ. ബിനു കുന്നത്ത്.  


Comments