Home‎ > ‎India‎ > ‎

ക്‌നാനായ പ്രവാസി ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ സേവനങ്ങള്‍ വിപുലമാക്കുന്നു.

posted Jun 2, 2020, 3:00 AM by Knanaya Voice
ഇന്‍ഡ്യയിലും വിദേശത്തുമുള്ള അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്ക്‌ ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന്‌ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്റെ നിര്‍ദ്ദേശാനുസരണം കെ.സി.സിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ക്‌നാനായ പ്രവാസി ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ സേവനങ്ങള്‍ വിപുലമാക്കുന്നു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അതിരൂപതാ നേതൃത്വവുമായും ഡി.കെ.സി.സി ഉള്‍പ്പടെയുള്ള ഇതര പ്രവാസി സംഘടനാ ഭാരവാഹികളുമായും അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും അതിരൂപതയിലെ ഫൊറോന വികാരിമാര്‍, ചൈതന്യ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലൂടെയുമുണ്ടായ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലാണ്‌ അഭിവന്ദ്യ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവ്‌ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതാ മീഡിയ കമ്മീഷന്‍ ഓഫീസിനോടു ചേര്‍ന്ന്‌ ക്‌നാനായ പ്രവാസി ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ആരംഭിക്കുവാന്‍ അനുമതി നല്‍കിയത്‌. ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുന്ന ക്‌നാനായ പ്രവാസി ഹെല്‍പ്പ്‌ ഡെസ്‌ക്കില്‍ വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടാണ്‌ ഓരോ ദിവസവും പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്‌. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ പരിഗണിച്ച്‌ സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ബന്ധുജനങ്ങളില്ലാതെ രോഗികളായി കഴിയുന്നവര്‍ക്കും അതത്‌ സ്ഥലത്തെ ക്‌നാനായ അസോസിയേഷനുമായി ബന്ധപ്പെട്ട്‌ സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചത്‌. സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്‌നാനായ സമുദായ പ്രമുഖര്‍, സേവന സന്നദ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ്‌ ക്‌നാനായ ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌. കോവിഡ്‌ അനുബന്ധ പ്രവര്‍ത്തനങ്ങളോടൊപ്പം ഇതര വിപുലമായ സഹായങ്ങളും ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ വഴി ലഭ്യമാക്കിത്തുടങ്ങി.

വോളണ്ടിയേഴ്‌സ്‌ ഫോറം

ക്‌നാനായ ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം സുഗമവും കാര്യക്ഷമവുമാക്കുന്നതിന്‌ സുമനസ്സുകളായ വ്യക്തികളെ ഉള്‍പ്പെടുത്തി വോളണ്ടിയേഴ്‌സ്‌ ഫോറം രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുടെയും പ്രവൃത്തിപരിചയമുള്ളവരുടെയും സേവനം ഹെല്‍പ്പ്‌ ഡെസ്‌ക്കിനെ സമീപിക്കുന്നവര്‍ക്ക്‌ ലഭ്യമാക്കുന്നതിനായാണ്‌ വോളണ്ടിയേഴ്‌സ്‌ ഫോറം രൂപീകരിച്ചിരിക്കുന്നത്‌. വോളണ്ടിയറായി പ്രവര്‍ത്തിക്കാനുള്ള തോമസ്‌ ചാഴികാടന്‍ എം.പിയുടെ സമ്മതപത്രം സ്വീകരിച്ച്‌ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ വോളണ്ടിയര്‍ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. വോളണ്ടിയേഴ്‌സ്‌ ഫോറത്തില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ താല്‌പര്യമുള്ളവര്‍ കോട്ടയം അതിരൂപതാ വെബ്‌സൈറ്റായ www.kottayamad.org ല്‍ വോളണ്ടിയര്‍ ലിങ്കില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം വഴിയോ knanayapravasihelpdesk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്‌.

 ടൈം ബാങ്ക്
‌ 
ഏതെങ്കിലും ജോലി ആവശ്യമുള്ളവരെയും വിവിധ ജോലികള്‍ ചെയ്‌തുകിട്ടാന്‍ ജോലിക്കാരെ ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധപ്പെടുത്തി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക്‌ സമയത്ത്‌ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്‌ ഹെല്‍പ്പ്‌ ഡെസ്‌ക്കിനോടനുബന്ധിച്ച്‌ അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്റെ നിര്‍ദ്ദേശാനുസരണം `ടൈം ബാങ്കിന്‌ തുടക്കം കുറിക്കുന്നത്‌. മാനവ വിഭവശേഷി ആവശ്യമുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ ആവശ്യം അറിയിക്കുന്നതുസരിച്ച്‌ നിശ്ചിത തൊഴില്‍ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ വീട്ടിലിരുന്നു തന്നെ തങ്ങളുടെ സേവനം ലഭ്യമാക്കത്തക്കവിധം ക്രമീകരിച്ചാണ്‌ ടൈം ബാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ വിവിധ ജോലിക്കാരെ തേടുന്നവര്‍ക്കും ജോലി തേടുന്നവര്‍ക്കും ടൈം ബാങ്കില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. അതിരൂപതാ വെബ്‌സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ടൈം ബാങ്കിന്റെ സേവനം ലഭ്യമാകും. ഹെല്‍പ്പ്‌ ഡെസ്‌ക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാവര്‍ക്കും നേരിട്ട്‌ ജോലി ലഭ്യമാക്കുവാന്‍ അതിരൂപതയ്‌ക്ക്‌ സാധിക്കുകയില്ലെന്നതിനാല്‍ ജോലിക്കാരെ ആവശ്യമുള്ളവരെയും ജോലി ആവശ്യമുള്ളവരെയും ബന്ധപ്പെടുത്തുന്ന കണ്ണിയായാണ്‌ ടൈം ബാങ്ക് പ്രവര്‍ത്തിക്കുക.

രക്ത ബാങ്ക്‌ 

 രക്ത ബാങ്ക്‌ കോവിഡ്‌ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ കുറവ്‌ നേരിടുന്ന സാഹചര്യത്തില്‍ കെ.സി.സിയുടെയും കെ.സി.ഡബ്ല്യു.എയുടെയും നേതൃത്വത്തില്‍ ഇടവക യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്‌ ലിസ്റ്റ്‌ സമാഹരിച്ച്‌ രക്തദാനസേന രൂപകരിക്കുകയും രക്തദാനം പ്രോത്സാഹിപ്പിക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തുവരുന്നു. തുടര്‍ന്ന്‌ ക്‌നാനായ ഹെല്‍പ്പ്‌ ഡെസ്‌ക്കിലൂടെ അടിയന്തിരാവശ്യങ്ങളില്‍ രക്തം ലഭ്യമാക്കുവാന്‍ വഴിയൊരുക്കും.

 ക്‌നാനായ പ്രവാസി ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ സേവനം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നവര്‍ അതിരൂപതാ വെബ്‌സൈറ്റായ www.kottayamad.org ലുള്ള knanayapravasihelpdesk ല്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കൂടാതെ, knanayapravasihelpdesk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 9048568000 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാവുന്നതാണ്
Comments