Home‎ > ‎India‎ > ‎

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ഉദ്ഘാടനം ജൂലൈ 5 ഞായറാഴ്ച | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

posted Jul 3, 2020, 6:46 AM by Knanaya Voice   [ updated Jul 4, 2020, 9:54 PM by knanayavoice ]
കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോക്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണത്തിന് ജൂലൈ 5-ന് തുടക്കം. 1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയില്‍ പുനരൈക്യപ്പെടുന്നവര്‍ക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമില്‍നിന്നും ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് ക്‌നാനായ മലങ്കര സമൂഹത്തില്‍ പുനരൈക്യശ്രമങ്ങള്‍ ഊര്‍ജിതമായി. മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതില്‍ ക്‌നാനായ സമുദായത്തിന്റെ പ്രത്യേകിച്ച് അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ വലിയ പരിശ്രമങ്ങള്‍ ഉണ്ടായിരുന്നു.

ശതാബ്ദി ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ ജൂലൈ 5-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സന്ദേശം നല്കി ശതാബ്ദിവര്‍ഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാലം ചെയ്ത അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതുമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി പ്രാതിനിധ്യ സ്വഭാവത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ തിരുക്കര്‍മ്മങ്ങളിലും ഉദ്ഘാടനത്തിലും പങ്കെടുക്കുമെന്ന് കോട്ടയം അതിരൂപതയിലെ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ അറിയിച്ചു.
Comments