കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ലോഗോയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, കോട്ടയം അതിരൂപതയുടെ മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. നോബിൾ കല്ലൂർ, പാസ്റ്ററൽകൗൺസിൽ അംഗങ്ങളായ ത്രേസ്യാമ്മ പാലന്തറ, സാബു പാറാനിക്കൽ, ജീന വടക്കേടത്ത്, തോമസ് അരക്കത്തറ എന്നിവർ സന്നിഹിതരായിരുന്നു. 1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമിൽനിന്നും ഉണ്ടായത്. ഇതിനെത്തുടർന്നാണ് ക്‌നാനായ മലങ്കര സമൂഹത്തിൽ പുനരൈക്യശ്രമങ്ങൾ ഊർജിതമായത്. റോമിൽ നിന്നും പുനരൈക്യപ്പെടുന്നവർക്കായി മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതിൽ ക്‌നാനായ സമുദായത്തിന്റെ പ്രത്യേകിച്ച് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിന്റെ വലിയ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. ശത്ബാദിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ സാർവ്വത്രികമാനവും ആഗോളസാന്നിദ്ധ്യവും അനുസ്മരിച്ചുകൊണ്ട് ഒരു ഗ്ലോബിന്റെ പശ്ചാത്തലത്തിലാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സാർവ്വത്രിക സഭയുമായുള്ള വിശ്വാസ ഐക്യത്തെയും ഇതു സൂചിപ്പിക്കുന്നു. നീലവർണ്ണം ദൈവവചനത്തെയും ദൈവത്തിന്റെ സൗഖ്യദായകമായ ശക്തിയെയും സൂചിപ്പിക്കുന്നു. ചുമപ്പും ഓറഞ്ചും നിറത്തിൽ 100 എന്ന എഴുതിയിരിക്കുന്നത് പ്രോജ്ജ്വലമായ നൂറുവർഷങ്ങൾ സൂചിപ്പിക്കുന്നു. അന്ത്യോക്യൻ മലങ്കര പാരമ്പര്യത്തെ സൂചിപ്പിക്കുന്ന മലങ്കര കുരിശ് ക്‌നാനായ മലങ്കര പുനരൈക്യത്തെ സൂചിപ്പിക്കുന്നു. ക്‌നാനായ കത്തോലിക്കരെയും ക്‌നാനായ യാക്കോബായക്കാരെയും സൂചിപ്പിക്കുന്ന രണ്ടുകൂട്ടം ആളുകളെയും ലോഗോയിൽ കാണാം. ക്‌നാനായ സമുദായം രണ്ടുവിഭാഗങ്ങളായി തിരിഞ്ഞെങ്കിലും അവരുടെ ഇടയിലെ സമാധാന്യത്തിന്റെ ഐക്യവും സമ്പൂർണ്ണമായ ക്‌നാനായ പുനരൈക്യം ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രത്യാശയുടെ പ്രാവ് സൂചിപ്പിക്കുന്നു. ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ ദൈവീക പദ്ധതി വ്യക്തമാക്കുന്ന പായ്ക്കപ്പലിന്റെ പായ് മരം ലോഗോയുടെ താഴ്ഭാഗത്ത് വ്യക്തമാണ്. സത്യവിശ്വാസത്തിലേക്ക് ക്‌നാനായ സമുദായം മുഴുവൻ കടന്നുവന്ന് അതിന്റെ പ്രഘോഷകരാകുമ്പോൾ പൂർണ്ണമായ സമുദായ ഐക്യവും സാധ്യമാകുന്നു, 'സത്യവിശ്വാസം- സമുദായ ഐക്യം'. ഇങ്ങനെ വ്യാപകമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന ലോഗോയാണ് തയ്യാറാക്കിയിരിക്കുന്നത്. |