Home‎ > ‎India‎ > ‎

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

posted Jul 5, 2020, 11:40 PM by Knanaya Voice   [ updated Jul 5, 2020, 11:42 PM ]
കോട്ടയം : ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.  ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങൾ വേർപിടാതോർക്കണമെന്ന ക്‌നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാക്കന്മാരുടെ ഉപദേശമാണ് കൂട്ടായ്മയിൽ നിന്നും സാഹചര്യങ്ങളാൽ അകന്നുപോയവർ മാതൃസഭാ കൂട്ടായ്മയിലേക്ക് മടങ്ങിവരുവാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. പുനരൈക്യപ്പെടുന്നവർക്കായി റോമിൽ നിന്നും മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതിന് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവും ക്‌നാനായ സമുദായ നേതാക്കളും ചെയ്ത പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമിൽനിന്നും ഉണ്ടായത്.

ശതാബ്ദിയാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഐക്യത്തിനും കൂട്ടായ്മയ്ക്കും പ്രസക്തിയേറിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ത്രിയേക ദൈവത്തിന്റെ  കൂട്ടായ്മ ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ആ കൂട്ടായ്മയിലുള്ള വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതയുടെ മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി. അതിരൂപതയിലെ അൽമായ സംഘടനകളുടെയും സമർപ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചത്.
Comments