കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് എല്ലാ യൂണിറ്റിലും നടപ്പിലാക്കുന്ന തുണിസഞ്ചി വ്യാപന പദ്ധതിക്ക് തുടക്കമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, എ.കെ.സി.സി ഗ്ലോബല്‍ സെക്രട്ടറി തോമസ് പീടികയില്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറത്ത്, ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.സി.സി യൂണിറ്റുകള്‍ വഴി അംഗങ്ങള്‍ക്ക് തുണിസഞ്ചി എത്തിച്ചു നല്‍കി തുണിസഞ്ചിയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കൂടാതെ കോട്ടയം അതിരൂപതയുടെ കാര്‍ഷികസമൃദ്ധി പദ്ധതിയോടു ചേര്‍ന്ന് അടുക്കളത്തോട്ട വ്യാപനം, ചെറുകിട കൃഷിത്തോട്ടങ്ങളുടെ വികസനം, തരിശ് ഭൂമിയിലെ കൃഷി, കാര്‍ഷിക വിത്തിനങ്ങളുടെ സമാഹരണവും കൈമാറ്റവും, മത്സ്യ-വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, ഫൊറോന, യൂണിറ്റ് തലങ്ങളില്‍ കെ.സി.സി സമയബന്ധിതമായി നടപ്പിലാക്കുന്നത്. |