കോട്ടയം: ലോകരക്തദാന ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ഡയറക്ടറി പ്രകാശനവും രക്തദാനവും സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് കോട്ടയം ബി.സി.എം കോളേജ് ക്യാമ്പസില്‍ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഡയറക്ടറിയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. ഒരു ദിവസം കുറഞ്ഞത് ഒരാളെങ്കിലും രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായി കെ.സി.സി നടപ്പിലാക്കുന്ന 'One Donor a Day'പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടും. കെ. സി.സി ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി മുന്‍പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറത്ത്, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടശ്ശാംകുന്നേല്‍ എന്നിവരുള്‍പ്പടെ 15 പേര്‍ രക്തം ദാനം ചെയ്യും. കോട്ടയം ജനറല്‍ ആശുപത്രി രക്തബാങ്ക് ടീം രക്തം ശേഖരിക്കും. കൊറോണ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ കുറവ് നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ കെ.സി.സി യൂണിറ്റുകളില്‍ നിന്നുമായി രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ള നാലായിരം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രക്തദാന ഡയറ്കടറി പുറത്തിറക്കുന്നത്. കൂടാതെ കെ.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി അത്യാവശ്യഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുന്നവര്‍ക്ക് രക്തം ലഭ്യമാക്കാനുള്ള സംവിധാനങ്ങളുമൊരുക്കും. |