കോട്ടയം: കോവിഡ് മൂലമുണ്ടാകാവുന്ന ഭക്ഷ്യപ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷികസമൃദ്ധി പദ്ധതിയോടു ചേര്‍ന്ന് അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും നടപ്പിലാക്കുന്ന 'മുറ്റത്തൊരു അടുക്കളത്തോട്ടം' പദ്ധതിക്കു തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പ്രൊഫ. രമണി തറയിലിന് ഫലവൃക്ഷത്തൈ നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, സെക്രട്ടറി സിന്‍സി പാറേല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കെ.സി.ഡബ്ല്യു.എ സംഘടനയിലെ അംഗങ്ങളുടെ എല്ലാ കുടുംബങ്ങളിലും കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ അടുക്കളത്തോട്ടം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'മുറ്റത്തൊരു അടുക്കളത്തോട്ടം' പദ്ധതിയില്‍ പത്തിനം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ജൈവകൃഷി രീതിക്ക് പ്രാധാന്യം കൊടുത്ത് പ്രാവര്‍ത്തികമാക്കുന്ന അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ വിത്തിനങ്ങളും നടീല്‍ വസ്തുക്കളും കെ.സി.ഡബ്ല്യു. എ അംഗങ്ങള്‍ പരസ്പരം കൈമാറും. വിളവെടുപ്പ് സമയത്ത് ഗ്രാമീണ മാര്‍ക്കറ്റും സജ്ജീകരിക്കും. അടുക്കളത്തോട്ട വ്യാപനം, ചെറുകിടകൃഷിത്തോട്ടങ്ങളുടെ വികസനം, കാര്‍ഷിക വിത്തിനങ്ങളുടെ സമാഹരണവും കൈമാറ്റവും, കമ്മ്യൂണിറ്റി മാര്‍ക്കറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കെ.സി.ഡബ്ല്യു.എ, അതിരൂപതയുടെ കാര്‍ഷിക സമൃദ്ധി പദ്ധതിയോടു ചേര്‍ന്ന് യൂണിറ്റ്-ഫൊറോന തലങ്ങളില്‍ നടപ്പിലാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യദൗര്‍ലഭ്യം ഒഴിവാക്കാനും ജൈവകൃഷി പ്രോത്സാഹനത്തിലൂടെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് കോട്ടയം അതിരൂപതയുടെ സമഗ്ര കാര്‍ഷിക സമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. |