Home‎ > ‎India‎ > ‎

കെ.സി .സി. യുടെ നേതൃത്വത്തിൽ ക്‌നാനായ പ്രവാസി ഹെൽപ്പ് ഡെസ്‌ക്ക്

posted May 12, 2020, 2:42 AM by Knanaya Voice
ഇൻഡ്യയിലും വിദേശത്തുമുള്ള അതിരൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്‌നാനായ പ്രവാസി ഹെൽപ്പ് ഡെസ്‌ക്കിന് തുടക്കം കുറിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തരമൊരു സംരംഭത്തിന് പ്രസക്തിയേറുന്നുവെന്ന് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കെ.സി.സി അതിരൂപതാ നേതൃത്വവുമായും ഡി.കെ.സി.സി ഉൾപ്പടെയുള്ള ഇതര പ്രവാസി സംഘടനാ ഭാരവാഹികളുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ നിർദ്ദേശമുണ്ടായി. കൂടാതെ അതിരൂപതയിലെ ഫൊറോന വികാരിമാർ, ചൈതന്യ കമ്മീഷൻ ചെയർമാൻമാർ എന്നിവരുമായി അഭിവന്ദ്യ പിതാവ് നടത്തിയ വീഡിയോ കോൺഫറൻസിലും ഇതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേക പരാമർശമുണ്ടായ പശ്ചാത്തലത്തിലാണ് ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കോട്ടയം അതിരൂപതാ മീഡിയ കമ്മീഷൻ ഓഫീസിനോടു ചേർന്ന് ക്‌നാനായ പ്രവാസി ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കുവാൻ അഭിവന്ദ്യ പിതാവ് പിതാവ് നിർദ്ദേശം നൽകിയത്. ഹെൽപ്പ്‌ഡെസ്‌ക്കിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെയും രൂപതാദ്ധ്യക്ഷൻ ചുമതലപ്പെടുത്തി.


ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുന്ന ക്‌നാനായ പ്രവാസി ഹെൽപ്പ് ഡെസ്‌ക്കിലേക്ക് knanayapravasihelpdesk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 9048568000 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാവുന്നതാണ്. ഇപ്രകാരം ബന്ധപ്പെടുന്നവരുടെ പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ പരിഗണിച്ച് അവർക്കുള്ള സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യും. വിദേശരാജ്യങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ബന്ധുജനങ്ങളില്ലാതെ രോഗികളായി കഴിയുന്നവർക്കും അതത് സ്ഥലത്തെ ക്‌നാനായ അസോസിയേഷനുമായി ബന്ധപ്പെട്ട് സഹായമെത്തിക്കാൻ ശ്രമിക്കും. പ്രവാസികളായ വ്യക്തികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തിയാൽ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളൊരുക്കും.

 കോവിഡ് പശ്ചാത്തലത്തിൽ അടിയന്തിരമായി നാട്ടിലേക്ക് വരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടേയും മുമ്പോട്ടുള്ള ആവശ്യങ്ങൾക്കും സാധിക്കുന്ന സഹായങ്ങൾ ലഭ്യമാക്കും.
പ്രവാസികളുടെ ആവശ്യങ്ങൾ കണ്ടെത്തി സർക്കാർ, സന്നദ്ധസംഘടനകൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ക്‌നാനായ സമുദായ പ്രമുഖർ, സേവന സന്നദ്ധർ എന്നിവരുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാനാണ് ഹെൽപ്പ് ഡെസ്‌ക്ക് ലക്ഷ്യമിടുന്നത്. കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കാണ് തുടക്കത്തിൽ മുൻഗണന നൽകുന്നതെങ്കിലും തുടർന്ന് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതാണ്. ക്‌നാനായ പ്രവാസി ഹെൽപ്പ് ഡെസ്‌ക്കിന് ചെയ്യുവാൻ കഴിയുന്ന സേവനങ്ങളെക്കുറിച്ചുള്ള സാധ്യതകളും അഭിപ്രായങ്ങളും എല്ലാവരിലും നിന്നും സ്വാഗതം ചെയ്യുന്നു. 

ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വികാരി ജനറാൾ & ചാപ്ലെയിൻ കെ.സി.സി
തമ്പി എരുമേലിക്കര, പ്രസിഡന്റ് കെ.സി.സി
ബിനോയി ഇടയാടിയിൽ, സെക്രട്ടറി കെ.സി.സി
Comments