കോട്ടയം : കേരളകത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കോവിഡ് അതിജീവന പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സ്വരൂപിച്ച് വിദഗ്ദ്ധരുടെ സഹായത്തോടെ ചര്‍ച്ച ചെയ്താണ് മാര്‍ഗ്ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. ആരോഗ്യപരിപാലനം, ഭക്ഷണം, കൃഷി, പ്രകൃതിസംരക്ഷണം, ധനവിനിയോഗം, അതിജീവനം എന്നീ കാലിക പ്രസക്തമായ ആറ് മേഖലകളെ കോര്‍ത്തിണക്കിയാണ് രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനമാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗ്ഗരേഖയുടെ പ്രകാശന കര്‍മ്മം കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയിലൂന്നി ഭക്ഷണം, ആരോഗ്യപരിപാലനം, തൊഴില്‍, വരുമാനം എന്നിവ ഉറപ്പുവരുത്തുന്നതാകണം വരുംവര്‍ഷങ്ങളിലെ കേരളത്തിന്റെ മുന്നേറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍ , മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് തറയില്‍, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഡോ. റൊമാന്‍സ് ആന്റണി, ഡോ. റെജീന മേരി, ഡോ. വി.ആര്‍ ഹരിദാസ്, ഡോ. ജോളി ജെയിംസ്, ഡോ. കെ. ജി. റേ, എം. ജെ. ജോസ്, സിസ്റ്റര്‍ ജെസീന എസ്.ആര്‍.എ, പി.ജെ. വര്‍ക്കി എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് മാര്‍ഗ്ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. |