Home‎ > ‎India‎ > ‎

കോവിഡ് പ്രതിരോധം - പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് പേഴ്സണല്‍ പ്രൊട്ടക്റ്റീവ്‌ എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

posted Jun 23, 2020, 5:20 AM by Knanaya Voice
കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് പേഴ്സണല്‍ പ്രൊട്ടക്്റ്റീവ്  എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി എഴുനൂറ്റിയമ്പത് രൂപ വില വരുന്ന 500 പിപിഇ കിറ്റുകളാണ് ലഭ്യമാക്കിയത്. പത്തനംതിട്ട കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷീര-വന വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ പ്രത്യേക ചാര്‍ജ്ജുമുള്ള അഡ്വ. കെ. രാജു കിറ്റുകള്‍ ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധതയോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മാത്യു ടി. തോമസ് എം.എല്‍.എ, വീണ ജോര്‍ജ്ജ് എം.എല്‍.എ, പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി നൂഹ് ഐ.എ.എസ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിപിഇ കിറ്റുകള്‍ കൂടാതെ കോവിഡ് രോഗ ബാധിതരെ ചികിത്സിക്കുന്നതിനായുള്ള നാല് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി പന്ത്രണ്ട് രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും വരുംദിനങ്ങളില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് കെ.എസ്.എസ്.എസ് ലഭ്യമാക്കും.     
Comments