Home‎ > ‎India‎ > ‎

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഫോണിലൂടെ പഠന സഹായമൊരുക്കി അധ്യാപകര്‍

posted Apr 7, 2020, 12:27 AM by Knanaya Voice
കടുത്തുരുത്തി: കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഫോണിലൂടെ പഠന സഹായമൊരുക്കി അധ്യാപകര്‍. കടുത്തുരുത്തി സെന്റ്  മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരാണ് രോഗഭീതിയില്‍ അവധിയുടെ ആലസ്യത്തില്‍ വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുടെ സഹായത്തോടെ പാഠ്യവഴിയിലേക്കു തിരികെയത്തെിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ചു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണു പഠനം നടത്തുന്നത്. ഓരോ ദിവസവും രാവിലെ ഗ്രൂപ്പില്‍ കുട്ടികള്‍ക്ക് ഒരു അധ്യായം പഠനത്തിനായി നല്‍കും. സംശയം ഉണ്ടാകുമ്പോള്‍ ഏതു സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ വഴിയോ, വീഡിയോ കോളിലൂടെയോ അധ്യാപകരുമായോ ബന്ധപ്പെട്ട് സംശയനിവാരണം നടത്താം. തുടര്‍ന്ന് രാത്രി ഒമ്പതിന് അന്നു പഠിച്ച അധ്യായവുമായി ബന്ധപ്പെട്ട് 20 മിനിറ്റ് പരീക്ഷ നടത്തും. പരീക്ഷാസമയം കഴിഞ്ഞ് ഉത്തരങ്ങളും ഗ്രൂപ്പില്‍ നില്‍കും. ഇതു നോക്കി രക്ഷിതാക്കള്‍ക്ക് മാര്‍ക്ക് നല്‍കാം. ഇത്തരത്തില്‍ ഓരോ ദിവസവും നടത്തുന്ന പരീക്ഷകളുടെ ഉത്തരപേപ്പറുകള്‍ സ്കൂള്‍ തുറക്കുന്ന ദിവസം അധ്യാപകരുടെ കൈവശം എത്തിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ലോക്ക് ഡൗണിനു ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈന്‍ പഠനത്തിന് നേതൃത്വം
നല്‍കുന്ന സെന്റ് മൈക്കിള്‍സിലെ ഫിസിക്സ് അധ്യാപകനായ മാത്യു സിറിയക് പറയുന്നു.
Comments