Home‎ > ‎India‎ > ‎

കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ സജീവ തുടര്‍പങ്കാളിത്തവുമായി കോട്ടയം അതിരൂപത

posted Apr 22, 2020, 3:51 AM by Knanaya Voice
കോട്ടയം: കോവിഡ് 19 വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ക്ലേശങ്ങളെ ലഘൂകരിക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങളോട് സഹകരിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശാനുസരണം അതിരൂപതയിലെ ഇടവക ദൈവാലയങ്ങളും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നാണ് ആവശ്യമായ പ്രവര്‍ത്തനക്രമീകരണങ്ങളൊരുക്കിയത്.  ഇടവകകളും അതിരൂപതയുടെ ആതുരാലയങ്ങളും സാമൂഹിക സേവന വിഭാഗങ്ങളും ഇതര സ്ഥാപനങ്ങളും സമര്‍പ്പിത സമൂഹങ്ങളും തുടക്കം മുതലേ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാവുകയുണ്ടായി. കേരളത്തിലെ വിവിധ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന അതിരൂപതയിലെ ദൈവാലയങ്ങളും  സ്ഥാപനങ്ങളും ആതുരാലയങ്ങളും ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ്  പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി മുന്നിട്ടിറങ്ങിയത്. 

കാരിത്താസ് ആശുപത്രി ആരോഗ്യ രംഗത്ത് ഏറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ നിര്‍വ്വഹിച്ചു വരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവബോധ ലഘുലേഖകള്‍, കൈ കഴുകുന്നതിനായി പൊതു ഇടങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍, പോലിസുകാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പതിവായി ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കല്‍, ആശുപത്രിയിലെത്തുന്നവരുടെ സുരക്ഷയ്ക്കായി ഏകജാലക പ്രവേശന സംവിധാനങ്ങള്‍, രോഗികള്‍ക്ക് സുരക്ഷിതമായ ക്രമീകരണങ്ങളും അവബോധം നല്‍കലും, മാസ്‌ക്കുകള്‍ ലഭ്യമാക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. 24 മണിക്കൂറും കര്‍മ്മനിരതരായി നില്‍ക്കുന്ന കൊറോണ റാപ്പിഡ് ആക്ഷന്‍ ടീമിന്റെ സേവനങ്ങളും ആംബുലന്‍സ് സൗകര്യങ്ങളും കൗണ്‍സലിംഗ് സേവനവും ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. 

അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഇടുക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ സമൂഹത്തില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിയുള്ളവര്‍, മുതിര്‍ന്നവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. കൂടാതെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്നു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാകാതെ വരുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി പൊതിച്ചോറുകള്‍ പതിവായി എത്തിച്ചു നല്‍കുകയുണ്ടായി. ജാതി മത വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി സ്വാശ്രയസംഘങ്ങളിലൂടെ ഭക്ഷണ സാധനങ്ങളുള്‍പ്പടെയുള്ള അനുദിന ജീവിതത്തിനാവശ്യമായ സാധനങ്ങടങ്ങിയ കിറ്റുകള്‍ ലഭ്യമാക്കി. ആരോഗ്യ അവബോധ സന്ദേശം പ്രചരിപ്പിക്കുന്ന വാഹനങ്ങള്‍  ക്രമീകരിച്ചതോടൊപ്പം മാസ്‌ക്കുകളും സാനിറ്റൈസറുകളും പൊതുസമൂഹത്തിന് ലഭ്യമാക്കി.കൈകഴുകല്‍ പരിശീലനം നല്‍കി സോപ്പ് ലോഷന്‍ നിര്‍മ്മിക്കാനാവശ്യമായ കിറ്റുകള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്നു. 

ഇടവകദൈവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ അതത് പ്രദേശത്തെ സാമൂഹ്യ സേവന കമ്മിറ്റിയുടെ പ്രത്യേകമായ സഹകരണത്തോടെ ഇടവകയുടെ സാമൂഹ്യ സേവന ഫണ്ട് ഉപയോഗിച്ച് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഭക്ഷണ കിറ്റുകള്‍ കൂടാതെ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കി വരുന്നു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അല്‍മായ സംഘടനകള്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 
മാനസികാരോഗ്യം ലക്ഷ്യമിട്ട് അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിംഗ് സെന്ററുകള്‍ വഴിയായി ഗ്രാമങ്ങളില്‍ ആവശ്യമുള്ളവര്‍ക്കായി ടെലികൗണ്‍സലിംഗ് ഉള്‍പ്പടെയുള്ള കൗണ്‍സലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.  വിദേശത്ത് ജോലിയോ പഠനമോ ആയി പ്രവാസികളായി കഴിയുന്ന വ്യക്തികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുകയും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്യുന്നു.

അതിരൂപതയിലെ സന്യാസ സമര്‍പ്പിത സമൂഹങ്ങള്‍ ഭക്ഷണം, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ നേരിട്ടും വിവിധ സന്നദ്ധ സംഘടനകള്‍ വഴിയായും ലഭ്യമാക്കി വരുന്നു. കോട്ടയം അതിരൂപതയിലെ സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവ തങ്ങളുടെ യൂണിറ്റുകള്‍ വഴിയും കേന്ദ്ര തലത്തിലും കമ്മ്യൂണിറ്റി കിച്ചന്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങള്‍ വഴിയായി സഹായം ലഭ്യമാക്കുന്നുണ്ട്. 
പ്രവാസികളായ മലയാളികള്‍ സ്വന്തം നാട്ടിലേക്ക് തിരികെയെത്തുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പ്രത്യേക താമസ സൗകര്യം ക്രമീകരിക്കേണ്ടി വരുന്നതിനാല്‍ അതിരൂപതയിലെ വിവിധ സ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, ആതുരാലയങ്ങളുടെ സേവനങ്ങള്‍, ഇടവക ദൈവാലയങ്ങളോട് ചേര്‍ന്നുള്ള സൗകര്യങ്ങള്‍ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള സന്നദ്ധത അതത് ജില്ലാ ഭരണാധികാരികളെ അറിയിച്ചുകഴിഞ്ഞു. 

സര്‍ക്കാര്‍ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സമയാസമയങ്ങളില്‍ കൃത്യമായി അറിയിച്ചും വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടും ശരിയായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ നല്‍കിയും അതിരൂപതാ മീഡിയ കമ്മീഷന്‍  പ്രവര്‍ത്തിച്ചു വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തിനുശേഷം അനുദിന ജീവിതത്തിലേക്ക് മടങ്ങിവരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ചെറുകിട സംരംഭങ്ങളെയും കൃഷിയെയും ആശ്രയിച്ചു കഴിയുന്നവര്‍ക്ക് സ്വയംപര്യാപ്തതയില്‍ വളരുന്നതിനും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും  ആവശ്യമായ നിര്‍ദ്ദേശങ്ങളും പ്രചോദനങ്ങളും പിന്തുണകളും നല്‍കുന്നതിന് കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി വരികയാണ് കോട്ടയം അതിരൂപത. 

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്
വികാരി ജനറാള്‍ & ചെയര്‍മാന്‍ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍.

Comments