Home‎ > ‎India‎ > ‎

കോവിഡ് 19 - പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കായി 11 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

posted Jun 21, 2020, 11:26 PM by Knanaya Voice
കോട്ടയം: കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് 11 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ലക്ഷ്യമാക്കിയത്. കോവിഡ് ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പേഴ്സണല്‍ പ്രൊട്ടക്്റ്റീവ്  എക്യൂപ്മെന്റുകളും കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനായിയുള്ള മെഡിക്കല്‍ ഉപകരണങ്ങളുമാണ് ലഭ്യക്കിയത്. കോട്ടയം കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മെഡിക്കല്‍ ഉപകരണങ്ങളും കിറ്റുകളും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും കോട്ടയം ജില്ലയുടെ പ്രത്യേക ചാര്‍ജ്ജുമുള്ള പി. തിലോത്തമന്‍ ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും കരുതല്‍ ഒരുക്കുകയാണ് കെ.എസ്.എസ്.എസ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. തോമസ് ചാഴികാടന്‍ എം. പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ, കോട്ടയം ജില്ല കലക്ടര്‍ എം. അഞ്ജന ഐ.എ.എസ്, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ റ്റി.കെ,  കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് കിറ്റുകള്‍ ലഭ്യമാക്കിയത്.  എറണാകുളം ജില്ലാമെഡിക്കല്‍ കോളേജിലേയ്ക്കും പത്തനംതിട്ട ജില്ലാ താലൂക്ക് ആശുപത്രിയിലേയ്ക്കുമായി 18 ലക്ഷം രൂപയുടെ പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വരും ദിനങ്ങളില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും.
Comments