കോട്ടയം: മനുഷ്യ ജീവന്‍ ദൈവികദാനമാണ്. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ രക്തം പങ്കുവച്ചു നല്‍കാന്‍ മനുഷ്യന് കഴിയും. അത്യാവശ്യഘട്ടത്തില്‍ രക്തം ലഭിക്കാതെ വരുന്നതിനാല്‍ പൊലിയുന്ന മനുഷ്യജീവനുകള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെയാണ് രക്തദാനത്തെ മഹാദാനമായും ജീവദാനമായും വാഴ്ത്തുന്നത്. അത്യാഹിതങ്ങളിലും രോഗാവസ്ഥയിലും ജീവനുവേണ്ടി ദാഹിക്കുന്ന മനുഷ്യര്‍ക്ക് നല്‍കാവുന്ന വലിയ കരുതലാണ് രക്തദാനം. കോവിഡ് 19 ന്റെ വ്യാപനം രക്തദാനത്തിനുള്ള പൊതുതാല്പര്യത്തെ കുറയ്ക്കുകയും രക്തലഭ്യതയെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഹമനുഷ്യരോടുളള കരുതലിന്റെയും മനുഷ്യത്വപരമായ സേവനത്തിന്റെയും അനിവാര്യത തിരിച്ചറിഞ്ഞ് രക്തദാനത്തിന് പ്രചോദനവും പ്രോത്സാഹനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്. ലോകരക്തദാന ദിനത്തിനു മുന്നോടിയായി കേരളത്തിലെ 148 കെ.സി.സി യൂണിറ്റുകളില്‍ നിന്നുമായി രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ള പതിനായിരം പേരുടെ ലിസ്റ്റ് സമാഹരിക്കാനാണ് കെ.സി.സി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ നാലായിരം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രക്തദാന ഡയറ്കടറി തയ്യാറാക്കിക്കഴിഞ്ഞു. പ്രസ്തുത ഡയറക്ടറി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതുവഴി അത്യാവശ്യഘട്ടങ്ങളില്‍ രക്തം അനിവാര്യമായ ഏതൊരാള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. രക്തദാന ഡയറക്ടറിയുടെ പ്രകാശന കര്‍മ്മം കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഐ.എ.എസിന്റെ സാന്നിദ്ധ്യത്തില്‍ ബി.സി.എം കോളേജ് ക്യാമ്പസില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, ജനറല്‍ സെക്രട്ടറി ബിനോയ് ഇടയാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ, രക്തദാന സന്ദേശം ഓരോ പ്രദേശത്തും സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദിവസം ഒരു കെ.സി.സി അംഗം വീതം രക്തം ദാനം നല്‍കുന്ന 'വണ്‍ ഡോണര്‍ എ ഡേ' പദ്ധതിക്കും തുടക്കമായി. കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഐ.എ.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായുള്ള കെ.സി.സി യൂണിറ്റുകളിലെ അംഗങ്ങള്‍ എല്ലാദിവസവും രക്തം ദാനം ചെയ്യുന്നതുവഴി എല്ലാവിഭാഗം ജനങ്ങളിലും രക്തദാനത്തിന്റെ സന്ദേശം എത്തിച്ചു നല്‍കുവാനും കൂടുതല്‍ പേരെ രക്തദാനത്തിലേക്ക് ആകര്‍ഷിക്കുവാനും കെ.സി.സി ലക്ഷ്യമിടുന്നു. കെ.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി അത്യാവശ്യഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുന്നവര്‍ക്ക് രക്തം ലഭ്യമാക്കാനും രക്തദാന ഡയറക്ടറി വിപുലീകരിക്കാനും വണ്‍ ഡോണര്‍ എ പദ്ധതിയുടെ കോര്‍ഡിനേഷനും നിര്‍വ്വഹിക്കപ്പെടും. രക്തദാനഡയറക്ടറിയുടെയും 'വണ്‍ ഡോണര്‍ എ ഡേ' പദ്ധതിയുടെയും ഉദ്ഘാടനത്തോടനബന്ധിച്ച് കെ. സി.സി ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ 14 പേര്‍ രക്തം ദാനം ചെയ്തു. കോട്ടയം ജനറല്‍ ആശുപത്രി രക്തബാങ്ക് മേധാവി ഡോ. സപ്നയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളാണ് രക്തം ശേഖരിച്ചത്. സ്റ്റീഫന്‍ കുന്നുംപുറത്ത് ടോം മാത്യു, എബ്രാഹം ടി.സി, അലന്‍ എബ്രാഹം, സാബിന്‍ സൈമണ്‍, ബിനോയി ഇടയാടിയില്, ജേക്കബ്ബ് കുരുവിള, ജെയ്‌സണ്‍ എബ്രാഹം, ഷിബിന്‍ ഷാജി, തോമസുകുട്ടി മാത്യു, ജിതിന്‍ മാത്യു, ഷോണി ജേക്കബ്ബ്, നിഥിന്‍ റെജി തുടങ്ങിയവരാണ് ആദ്യദിനത്തില്‍ രക്തം ദാനം ചെയ്തത്. |