Home‎ > ‎India‎ > ‎

കാരുണ്യദൂത് പദ്ധതി - അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

posted Jul 6, 2020, 4:45 AM by Knanaya Voice
കോട്ടയം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കാണ് അവശ്യസാധന കിറ്റുകള്‍ ലഭ്യമാക്കിയത്. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, കുളിസോപ്പ്, പാത്രം കഴുകുന്ന സോപ്പ്, ഉപ്പ്, കുക്കിംഗ് ഓയില്‍ എന്നിവ ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ കിറ്റുകളാണ് ലഭ്യമാക്കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ടോമി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ആദ്യ നാല് ഘട്ടങ്ങളില്‍ പലവ്യഞ്ജനകിറ്റുകള്‍, അവശ്യമരുന്നുകള്‍, സഹായക ഉപകരണങ്ങള്‍, ന്യൂട്രീഷ്യന്‍ കിറ്റുകള്‍ എന്നിവ ലഭ്യമാക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ് അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തത്.
Comments