കോട്ടയം: കാര്‍ഷികവൃത്തി മാറ്റിനിര്‍ത്താനാവാത്ത നന്മയാണെന്നും കൃഷിക്കു കൂടുതല്‍ പ്രാധാന്യം കൊടുത്തല്ലാതെ മാനവരാശിക്ക് മുന്‍പോട്ടു പോകാനാകില്ലെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ നടപ്പിലാക്കുന്ന കൃഷി വ്യാപന പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനം തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വൃത്തിയിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകൂ എന്നും ഭക്ഷ്യസുരക്ഷിതത്വം ധാര്‍മ്മികവും സാമൂഹികവുമായ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് വ്യക്തികളും കുടുംബങ്ങളും സമൂഹവും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷയില്‍ നാം സ്വയം പര്യാപ്തരായി മാറുമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ബെന്നി കന്നുവെട്ടിയേല്‍, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, അനിമേറ്റര്‍ സിനി സജി, തോമസ് പുളിയന്‍തൊട്ടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലയിലെ 10 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധിരം സാധാരണ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു. |