കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടത്തിന് എട്ട് ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് കിറ്റുകളും ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനായുള്ള ഹൈ ഫ്ളോ ഓക്സിജന്‍ ഹുമിഡൈസര്‍ യൂണീറ്റും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള അഞ്ഞൂറ് പി.പി.ഇ കിറ്റുകളും ഉള്‍പ്പെടെ എട്ട് ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരത്തി ഇരുനൂറ്റി അറുപത്തിരണ്ട് രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് കെ.എസ്.എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. എറണാകുളം കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. എറണാകുളം ജില്ല കളക്ടര്‍ എസ്് സുഹാസ് ഐ.എ.എസ്, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കൊഗ്നീസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് എച്ച്. ആര്‍ മേധാവി ഗോര്‍ജിസ് അബി മഴുവഞ്ചേരി, കെ.എസ്.എസ്.എസ് പോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. |