Home‎ > ‎India‎ > ‎

എറണാകുളം ജില്ലയിലെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം ഒരുക്കി കരുതല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

posted Jun 11, 2020, 3:43 AM by Knanaya Voice
കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെയും വിപ്രോയുടെയും സഹകരണത്തോടെ എറണാകുളം ജില്ലയിലെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം ഒരുക്കുന്നതിനായി കരുതല്‍ പദ്ധതി നടപ്പിലാക്കുന്നു. ജില്ലയിലെ 1000 കുടുംബങ്ങള്‍ക്ക് 900 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്. അരി, പഞ്ചസാര, പരിപ്പ്, ചെറുപയര്‍, കടല, ആട്ട, റവ, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, സണ്‍ഫ്ളവര്‍ ഓയില്‍, കുളി സോപ്പ്, പാത്രം കഴുകുന്ന ബാര്‍, ഉപ്പ് എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വിപ്രോ ടാലന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മാനേജര്‍ രജനി സതീഷന്‍ നിര്‍വ്വഹിച്ചു. വിപ്രോ എച്ച്.ആര്‍ സീനിയര്‍ മാനേജര്‍ ലത മനോജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍, കെ.എസ്.എസ്.എസ്. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, വിപ്രോ പ്രതിനിധികളായ നിഖില്‍ ദാസ്, പീയൂഷ് വേലായുധന്‍, അമല്‍ ഗോപാല്‍, കെ.എസ്.എസ്.എസ് സ്റ്റാഫംഗങ്ങളായ അവറാന്‍കുട്ടി ജോസ്, തോമസുകുട്ടി കെ. മാവേലില്‍, ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍  എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കാക്കനാടുള്ള 262 നിര്‍ദ്ധന കുടുംബങ്ങള്‍ക്കും ഭിന്നശേഷിയുള്ള വ്യക്തികളുള്ള 8 കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ 270 കിറ്റുകള്‍ വിതരണം ചെയ്തു. വരും ദിനങ്ങളില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യും.
Comments