കോട്ടയം: കോവിഡ് 19 അതിജീവന പാതയില്‍ നിര്‍ദ്ധനര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും കുടുംബ ഭാരം പേറുന്ന സ്ത്രീകള്‍ക്കും കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്‌സ് ഫാം ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു. അരി, ആട്ട, പഞ്ചസാര, ഉപ്പ്, കടല, കുക്കിംഗ് ഓയില്‍, പയര്‍, മല്ലി പൊടി, തേയിലപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം ജില്ലയിലെ സംക്രാന്തി, പേരൂര്‍, കിഴക്കേ നട്ടശ്ശേരി, കാരിത്താസ്, നീറിക്കാട്, മറ്റക്കര, പുന്നത്തുറ, കുറുമുള്ളൂര്‍, നീണ്ടൂര്‍, കൈപ്പുഴ, പാലത്തരുത്ത് ആലപ്പുഴ ജില്ലയിലെ വെളിയനാട് കുന്നംങ്കരി എന്നീ ഗ്രാമങ്ങളിലായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 700 രൂപാ വീതം വിലയുള്ള കിറ്റുകളാണ് ലഭ്യമാക്കിയത്. |