കോട്ടയം: കോവിഡ് അതീജിവനപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അതിരൂപത ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും വാസസ്ഥലമൊരുക്കുന്നു. കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുന്ന സ്റ്റാഫ് അംഗങ്ങള്‍ക്ക് സ്വഭവനങ്ങളില്‍നിന്ന് മാറി താമസിക്കുന്നതിന് അതിരൂപത ക്രമീകരണം ഒരുക്കി. അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ജനറല്‍ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവാസികളായ മലയാളികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് പ്രത്യേക താമസസൗകര്യം അനിവാര്യമായതിനാല്‍ അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ തൂവാനിസയും ഇതരസൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള സമ്മതം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഗവണ്‍മെന്റ് അധികാരികളെ അറിയിച്ചുകഴിഞ്ഞു. അതിരൂപതയിലെ ഇടവകകളുടെയും അത്മായസംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും ആശുപത്രികളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ കോവിഡ് അനുബന്ധപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് താമസസൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളും ജില്ലാ ഭരണാധികാരികളോടു സഹകരിച്ച് നടപ്പിലാക്കി വരുന്നതെന്ന് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു |