കോട്ടയം: ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ ബധിര- മൂക വിദ്യാലയങ്ങൾക്കു തയാറാക്കിയ 10,000 സുതാര്യ മാസ്കുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു. സുതാര്യ മാസ്ക് ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിലൂടെ കോട്ടയം അതിരൂപത പ്രഥമ മെത്രാപോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശേരി കാണിച്ചിരുന്ന കരുണയുടെ തുടർ പ്രവർത്തനങ്ങൾക്കാണു തുടക്കം കുറിച്ചിരിക്കുന്നതെന്നു മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. അതിരൂപത കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, ഷെവ. ജോയി ജോസഫ് കൊടിയന്തറ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രഫ. രമണി തറയിൽ, സാവിയോ കുന്നശേരി, ജോസഫ് സണ്ണി, സിറിയക് ചാഴികാടൻ എന്നിവർ പ്രസംഗിച്ചു. ബിസിഎം കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. രമണി തറയിലിന്റെ നേതൃത്വത്തിലാണ് മാസ്കുകൾ തയാറാക്കിയത്. ബധിര മൂക വിദ്യാലയ അസോസിയേഷൻ സെക്രട്ടറി പ്രേമ ദാസ്, അസീസി ഹയർ സെക്കൻഡറി സ്കൂൾ തലയോലപ്പറന്പ്, ഒഎൽസി ബധിര വിദ്യാലയം മണ്ണയ്ക്കനാട്, എസ്എച്ച് ജ്ഞാനോദയ വില്ലൂന്നി സ്കൂൾ പ്രതിനിധികൾ മാർ ജോസഫ് പണ്ടാരശേരിയിൽനിന്നു മാസ്കുകൾ ഏറ്റുവാങ്ങി. പുളിമൂട്ടിൽ സിൽക്ക് ഹൗസ് കോട്ടയം, ചാസ് ചങ്ങനാശേരി, സൈമണ്‍ വെട്ടിക്കനാൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മാസ്ക് ലഭ്യമാക്കിയത്. |