Home‎ > ‎

India


കാരുണ്യദൂത് പദ്ധതി - അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

posted by Knanaya Voice

കോട്ടയം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കാണ് അവശ്യസാധന കിറ്റുകള്‍ ലഭ്യമാക്കിയത്. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, തേയിലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, കുളിസോപ്പ്, പാത്രം കഴുകുന്ന സോപ്പ്, ഉപ്പ്, കുക്കിംഗ് ഓയില്‍ എന്നിവ ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ കിറ്റുകളാണ് ലഭ്യമാക്കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ടോമി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ആദ്യ നാല് ഘട്ടങ്ങളില്‍ പലവ്യഞ്ജനകിറ്റുകള്‍, അവശ്യമരുന്നുകള്‍, സഹായക ഉപകരണങ്ങള്‍, ന്യൂട്രീഷ്യന്‍ കിറ്റുകള്‍ എന്നിവ ലഭ്യമാക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ് അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തത്.

ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

posted by Knanaya Voice

കോട്ടയം :
കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടെലിവിഷനുകള്‍ ലഭ്യമാക്കി. എസ്.എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും സെന്റ് മര്‍സിലിനാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് ടെലിവിഷനുകളാണ് കെ.എസ്.എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. ടെലിവിഷനുകളുടെ വിതരണോദ്ഘാടനം സെന്റ് മര്‍സിലിനാസ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം മുനിസിപ്പില്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. സോന പി. ആര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. സി റോയി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സെന്റ് മര്‍സിലിനാസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ് എസ്.വി.എം, സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിസ്റ്റര്‍ പവിത്ര എസ്.ജെ.സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി 75ഓളം കുട്ടികള്‍ക്കാണ് കെ.എസ്.എസ്.എസ് ടെലിവിഷനുകള്‍ ലഭ്യമാക്കുന്നത്.

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

posted by Knanaya Voice   [ updated ]

കോട്ടയം : ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.  ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങൾ വേർപിടാതോർക്കണമെന്ന ക്‌നാനായ സമുദായത്തിന്റെ കുടിയേറ്റ പിതാക്കന്മാരുടെ ഉപദേശമാണ് കൂട്ടായ്മയിൽ നിന്നും സാഹചര്യങ്ങളാൽ അകന്നുപോയവർ മാതൃസഭാ കൂട്ടായ്മയിലേക്ക് മടങ്ങിവരുവാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. പുനരൈക്യപ്പെടുന്നവർക്കായി റോമിൽ നിന്നും മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതിന് അഭിവന്ദ്യ മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവും ക്‌നാനായ സമുദായ നേതാക്കളും ചെയ്ത പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയിൽ പുനരൈക്യപ്പെടുന്നവർക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമിൽനിന്നും ഉണ്ടായത്.

ശതാബ്ദിയാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഐക്യത്തിനും കൂട്ടായ്മയ്ക്കും പ്രസക്തിയേറിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ത്രിയേക ദൈവത്തിന്റെ  കൂട്ടായ്മ ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും ആ കൂട്ടായ്മയിലുള്ള വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതയുടെ മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി. അതിരൂപതയിലെ അൽമായ സംഘടനകളുടെയും സമർപ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ ക്രമീകരിച്ചത്.

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ഉദ്ഘാടനം ജൂലൈ 5 ഞായറാഴ്ച | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

posted Jul 3, 2020, 6:46 AM by Knanaya Voice   [ updated Jul 4, 2020, 9:54 PM by knanayavoice ]

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോക്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണത്തിന് ജൂലൈ 5-ന് തുടക്കം. 1921 ജൂലൈ 5-ാം തീയതിയായിരുന്നു കേരള കത്തോലിക്കാസഭയില്‍ പുനരൈക്യപ്പെടുന്നവര്‍ക്ക് മലങ്കര റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന റോമില്‍നിന്നും ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് ക്‌നാനായ മലങ്കര സമൂഹത്തില്‍ പുനരൈക്യശ്രമങ്ങള്‍ ഊര്‍ജിതമായി. മലങ്കര റീത്ത് അനുവദിച്ചു ലഭിക്കുന്നതില്‍ ക്‌നാനായ സമുദായത്തിന്റെ പ്രത്യേകിച്ച് അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ വലിയ പരിശ്രമങ്ങള്‍ ഉണ്ടായിരുന്നു.

ശതാബ്ദി ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ ജൂലൈ 5-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സന്ദേശം നല്കി ശതാബ്ദിവര്‍ഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാലം ചെയ്ത അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതുമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി പ്രാതിനിധ്യ സ്വഭാവത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ തിരുക്കര്‍മ്മങ്ങളിലും ഉദ്ഘാടനത്തിലും പങ്കെടുക്കുമെന്ന് കോട്ടയം അതിരൂപതയിലെ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ അറിയിച്ചു.

സഭാവസ്ത്രസ്വീകരണവും, വ്രതവാഗ്ദാനവും നടത്തി

posted Jul 3, 2020, 5:01 AM by Knanaya Voice   [ updated Jul 3, 2020, 7:38 AM ]

കോട്ടയം: അതിരൂപതാ സെന്റ് ജോസഫസ് സന്യാസിനി സമൂഹത്തിലെ അര്‍ത്ഥിനികളുടെ സഭാവസ്ത്രസ്വീകരണവും, വ്രതവാഗ്ദാനവും 2020 ജൂലൈ 3-ാം തീയതി വെളളിയാഴ്ച   കൈപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് ചാപ്പലില്‍ വച്ച് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

KVTV LIVE | സെന്റ് ജോസഫ് സന്യാസിനി സമൂഹം | സഭാവസ്ത്രസ്വീകരണവും വ്രതവാഗ്ദാനവും 03-07-2020 part 1


KVTV LIVE | സെന്റ് ജോസഫ് സന്യാസിനി സമൂഹം | സഭാവസ്ത്രസ്വീകരണവും വ്രതവാഗ്ദാനവും 03-07-2020 part 2

KVTV LIVE | സെന്റ് ജോസഫ് സന്യാസിനി സമൂഹം | സഭാവസ്ത്രസ്വീകരണവും വ്രതവാഗ്ദാനവും 03-07-2020 part 3

KVTV LIVE | സെന്റ് ജോസഫ് സന്യാസിനി സമൂഹം | സഭാവസ്ത്രസ്വീകരണവും വ്രതവാഗ്ദാനവും 03-07-2020 part 4


പുന്നത്തുറ ക്‌നാനായ പഴയ പളളിയില്‍ വി.തോമ്മാശ്ലീഹായുടെ പ്രധാന തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

posted Jul 2, 2020, 6:26 AM by Knanaya Voice   [ updated Jul 3, 2020, 7:07 AM ]

പുന്നത്തുറ: ;ചരിത്ര പ്രസിദ്ധമായ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ ഇടവക മധ്യസ്ഥനായ വി.തോമ്മാശ്ലീഹായുടെ പ്രധാന തിരുനാള്‍ 2020 ജൂലൈ 3 വെളളിയാഴ്ച രാവിലെ 10 മണിക്ക്   ഇടവക വികാരി ഫാ.സജി പുത്തന്‍പുരയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുകര്‍മ്മങ്ങള്‍ നടത്തുക.

KVTV MAIN CHANNEL | St.Thomas Church Feast Punnathura 03-07-2020

കാരിത്താസ് Relax C-Garden കഫറ്റീരിയ ഉദ്ഘാടനം ചെയ്തു

posted Jul 2, 2020, 5:53 AM by Knanaya Voice

കാരിത്താസ് ആശുപത്രിയിലെ നവ്യാനുഭവമാകുന്ന Relax C-Garden കഫേറ്റീരിയ. Relax  എന്ന് പേരിട്ടിരിക്കുന്ന ഈ കഫറ്റീരിയ വ്യത്യസ്തമാകുന്നത് ഇതിന്റെ നിർമ്മിതിയിലെ പ്രത്യേകതകൊണ്ടാണ്. ആശുപത്രിയുടെ ഫ്രണ്ട് ഗ്രോട്ടോയ്ക്ക് സമീപം, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന, ഉപയോഗ ശൂന്യമായിരുന്ന ഏരിയ പൂർണ്ണമായും ഉപയുകതമാക്കി ഇവിടുത്തെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കൊണ്ടും ഇതര ജൈവ വാസ്തുകളാലും നിർമ്മിച്ച,  ഈ  കഫറ്റീരിയ ആശുപത്രി സന്ദർശകർക്കും രോഗികൾക്കും വേറിട്ട ഒരനുഭവം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഉപേക്ഷിക്കപ്പെട്ട ടൈൽ ഭാഗങ്ങൾ, കാരിത്താസ് വളപ്പിലുള്ള മുള, മരകഷണങ്ങൾ പഴയ ടയറുകൾ, പി.വി.സി പൈപ്പുകൾ, ഡീസൽ വീപ്പകൾ, ലാബിൽ ഉപയോഗിച്ചിരുന്ന കുപ്പികൾ എന്നിങ്ങനെ ക്യാമ്പസ്സിൽനിന്നും ശേഖരിച്ച മറ്റു വസ്തുക്കളെല്ലാം സംയോജിപ്പിച്ചു ഉള്ള സ്ഥലം മുഴുവൻ പ്രയോജനപ്പെടുത്തി ഗ്രീൻ ഗാർഡനും ഉൾപ്പെടുത്തിയ ഈ കഫറ്റീരിയയിൽ  ആകർഷകമായി ദീപാലങ്കാരവും നടത്തിയിട്ടുണ്ട്. ആശുപത്രിയിലെ തിരക്കുകൾക്കപ്പുറം കോഫിയോടൊപ്പം അല്പം റിലാക്സേഷനും ഒപ്പം പരിസ്ഥിതി സൗഹാർദ്ദവും എന്നതാണ് ഈ പുതിയ കഫറ്റീരിയകൊണ്ടുള്ള ലക്ഷ്യം എന്ന് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കഫറ്റീരിയായുടെ പ്രവർത്തന ഉദ്ഘാടനം  സിപിഎം ജില്ലാ സെക്രട്ടറി ശ്രീ. വി. എൻ വാസവൻ, നിർവഹിച്ചു. DCH വൈസ് പ്രസിഡൻറ് ശ്രീ കെ. എൻ. വേണുഗോപാൽ, ഫാ. ജിനു കാവിൽ, ഫാ. റോയ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കോവിഡ് അതിജീവന പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തു

posted Jul 2, 2020, 5:17 AM by Knanaya Voice

കോട്ടയം : കേരളകത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കോവിഡ് അതിജീവന പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സ്വരൂപിച്ച് വിദഗ്ദ്ധരുടെ സഹായത്തോടെ ചര്‍ച്ച ചെയ്താണ് മാര്‍ഗ്ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. ആരോഗ്യപരിപാലനം, ഭക്ഷണം, കൃഷി, പ്രകൃതിസംരക്ഷണം, ധനവിനിയോഗം, അതിജീവനം എന്നീ കാലിക പ്രസക്തമായ ആറ് മേഖലകളെ കോര്‍ത്തിണക്കിയാണ് രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനമാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗ്ഗരേഖയുടെ പ്രകാശന കര്‍മ്മം  കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയിലൂന്നി ഭക്ഷണം, ആരോഗ്യപരിപാലനം, തൊഴില്‍, വരുമാനം എന്നിവ ഉറപ്പുവരുത്തുന്നതാകണം വരുംവര്‍ഷങ്ങളിലെ കേരളത്തിന്റെ മുന്നേറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍ , മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് തറയില്‍, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഡോ. റൊമാന്‍സ് ആന്റണി, ഡോ. റെജീന മേരി, ഡോ. വി.ആര്‍ ഹരിദാസ്, ഡോ. ജോളി ജെയിംസ്, ഡോ. കെ. ജി. റേ, എം. ജെ. ജോസ്, സിസ്റ്റര്‍ ജെസീന  എസ്.ആര്‍.എ,  പി.ജെ. വര്‍ക്കി എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് മാര്‍ഗ്ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. എട്ട് ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും പി.പി.ഇ കിറ്റുകളും എറണാകുളം ജില്ലാ ഭരണകൂടത്തിന് കൈമാറി കെ.എസ്.എസ്.എസ്

posted Jul 2, 2020, 1:06 AM by Knanaya Voice

കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടത്തിന് എട്ട് ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്  കിറ്റുകളും ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനായുള്ള ഹൈ ഫ്ളോ ഓക്സിജന്‍ ഹുമിഡൈസര്‍ യൂണീറ്റും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള അഞ്ഞൂറ് പി.പി.ഇ കിറ്റുകളും ഉള്‍പ്പെടെ എട്ട് ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരത്തി ഇരുനൂറ്റി അറുപത്തിരണ്ട് രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് കെ.എസ്.എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. എറണാകുളം കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. എറണാകുളം ജില്ല കളക്ടര്‍ എസ്് സുഹാസ്  ഐ.എ.എസ്, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കൊഗ്നീസന്റ്  ടെക്‌നോളജി സൊല്യൂഷന്‍സ് എച്ച്. ആര്‍ മേധാവി ഗോര്‍ജിസ് അബി മഴുവഞ്ചേരി, കെ.എസ്.എസ്.എസ് പോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

posted Jul 2, 2020, 1:00 AM by Knanaya Voice

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ഇംഗ്ലീഷിനുള്ള പിന്തുണാ സാമഗ്രികൾ തയ്യാറാക്കി. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ സൗകര്യം ഒരുക്കിക്കൊണ്ട് 'ലേൺ ഇംഗ്ലീഷ്' എന്ന പേരിൽ നാൽപത് പേജുള്ള വർക്ക് ബുക്കാണ് തയ്യാറാക്കിയത്. പാഠങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാനും  പരീക്ഷയ്ക്ക് ഒരുങ്ങുവാനും ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ ചോദ്യമാതൃകകൾ ഉൾപ്പെടുത്തിയുള്ള വർക്ക് ബുക്ക് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകരായ ലിബിൻ കെ. കുര്യൻ, റെജി തോമസ് എന്നിവരാണ് തയ്യാറാക്കിയത്. വിവിധ വർക്ക് ഷീറ്റുകൾ അധ്യാപകരുടെ നിർദേശങ്ങൾ അനുസരിച്ച് സമയബന്ധിതമായി വീടുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പൂർത്തീകരിക്കാൻ സാധിക്കും. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര OSH വിദ്യാർത്ഥിപ്രതിനിധികൾക്ക് വർക്ക് ബുക്കിന്റെ ആദ്യ കോപ്പി നൽകി. കോവിഡ്‌ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ട് മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ഈ ബുക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായി സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി അറിയിച്ചു.

1-10 of 215